ബില്‍കിസ് ബാനു കേസ്: ജയില്‍മോചനത്തിനെതിരായ ഹരജികള്‍ സുപ്രിംകോടതിയില്‍; 11 കുറ്റവാളികളും ഒളിവില്‍ ?

കുടുംബാംഗങ്ങളും അയല്‍ക്കാരും ഇവര്‍ ഇപ്പോള്‍ എവിടെയാണെന്നതിന് യാതൊരു മറുപടിയും നല്‍കാത്തതാണ് സംശയം ജനിപ്പിക്കുന്നത്. ബില്‍കിന്‍സ് ബാനു ബലാല്‍സംഗക്കേസിലെ 11 കുറ്റവാളികളുടെ മോചനത്തെ ചോദ്യം ചെയ്യുന്ന രണ്ട് ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കാനിരിക്കുന്നത്.

Update: 2022-09-09 07:00 GMT

ന്യൂഡല്‍ഹി: ബില്‍കിസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ ജയില്‍മോചിതരായ കുറ്റവാളികളെ കാണാനില്ലെന്ന് റിപോര്‍ട്ട്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കി വിട്ടയച്ച 11 പ്രതികളും തങ്ങളുടെ വീടുകളിലെത്തിയിട്ടില്ലെന്ന വിവരം വാര്‍ത്താപോര്‍ട്ടലായ മോജോ ന്യൂസ് ആണ് പുറത്തുവിട്ടത്. പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവിനെതിരേ സുപ്രിംകോടതിയില്‍ ഹരജികള്‍ പരിഗണനയ്ക്ക് വന്നതിന് പിന്നാലെയാണ് ഇവര്‍ ഒളിവില്‍ പോയതായ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

പ്രതികളുടെ മോചനത്തിനെതിരേ സമൂഹമാധ്യമങ്ങളില്‍ ജനരോഷമുയരുകയും വിമര്‍ശനവുമായി പ്രമുഖര്‍ രംഗത്തുവരികയും ചെയ്തതിനെത്തുടര്‍ന്ന് സപ്തംബര്‍ 9 വെള്ളിയാഴ്ച സുപ്രിംകോടതി കേസ് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മോജോ വാര്‍ത്താ പോര്‍ട്ടലിലെ റിപോര്‍ട്ടര്‍മാര്‍ മോചിതരായവരുടെ വീടുകള്‍ സന്ദര്‍ശിച്ചെങ്കിലും ഇവരുടെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വീഡിയോ റിപോര്‍ട്ടില്‍ പറയുന്നു. ബന്ധുക്കളും അയല്‍വാസികളും പ്രതികള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം കണ്ടിട്ടില്ലെന്നാണ് പറയുന്നത്.

കുടുംബാംഗങ്ങളും അയല്‍ക്കാരും ഇവര്‍ ഇപ്പോള്‍ എവിടെയാണെന്നതിന് യാതൊരു മറുപടിയും നല്‍കാത്തതാണ് സംശയം ജനിപ്പിക്കുന്നത്. ബില്‍കിന്‍സ് ബാനു ബലാല്‍സംഗക്കേസിലെ 11 കുറ്റവാളികളുടെ മോചനത്തെ ചോദ്യം ചെയ്യുന്ന രണ്ട് ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കാനിരിക്കുന്നത്. ഈ വിഷയത്തില്‍ സുപ്രിംകോടതി വിധി പുറപ്പെടുവിക്കുമ്പോഴേക്കും ഇവരെ കണ്ടെത്താനാവാതെ പോയേക്കുമെന്നും ആശങ്കയുണ്ട്. സുപ്രിംകോടതിയില്‍ ഹരജിയെത്തിയത് മുന്നില്‍കണ്ടാണ് പ്രതികള്‍ ഒളിവില്‍ പോയിരിക്കുന്നതെന്നാണ് വിമര്‍ശനമുയരുന്നത്.

സുപ്രിംകോടതിയില്‍ നിന്ന് മോചനത്തിനെതിരേ ഉത്തരവുണ്ടായാല്‍ കോടതിയില്‍ ഹാജരാവാതെ കേസ് നീട്ടിക്കൊണ്ടുപോവാമെന്നും പ്രതികള്‍ കണക്കുകൂട്ടുന്നു. അതേസമയം, മാധ്യമവാര്‍ത്തകളെ പ്രതികളുടെ അഭിഭാഷകന്‍ തള്ളിക്കളയുകയാണ്. ഇവര്‍ ജാമ്യം ലഭിച്ച് മോചിതരായവരല്ല. കുറ്റാരോപിതരായ കുറ്റത്തിന് 14 വര്‍ഷത്തെ ജീവപര്യന്തം ശിക്ഷ അനുഭവിച്ചതിന് ശേഷം സ്വതന്ത്രരായവരാണ്. അവര്‍ അവരുടെ വീടുകളില്‍ കൂടുതല്‍ സമയവുമുണ്ട്.

അവര്‍ക്ക് അണ്ടര്‍ഗ്രൗണ്ടില്‍ പോവേണ്ട ആവശ്യമില്ല- 141 പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഋഷി മല്‍ഹോത്ര മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ആവശ്യമുണ്ടെങ്കില്‍ കോടതിയില്‍ ഹാരജാവുമെന്നും അഭിഭാഷകന്‍ ഉറപ്പുനല്‍കി.

Tags: