ഹാഥ്‌റസ് കേസ്: ജീവന് ഭീഷണി; ഡല്‍ഹിയിലേക്ക് താമസം മാറണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം
എവിടെയായിരുന്നാലും സുരക്ഷിതമായി ഇരിക്കണമെന്ന് മാത്രമേയുള്ളൂവെന്നും സഹോദരന്‍ പറഞ്ഞു.
ലക്‌നോ: ഉത്തര്‍പ്രദേശില്‍ ജീവിക്കാന്‍ സുരക്ഷിതത്വമില്ലെന്ന് ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം. സുരക്ഷയെ കരുതി തങ്ങളെ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കണമെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. എവിടെയായിരുന്നാലും സുരക്ഷിതമായി ഇരിക്കണമെന്ന് മാത്രമേയുള്ളൂവെന്നും സഹോദരന്‍ പറഞ്ഞു.
അതേസമയം കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് സുപ്രിംകോടതി മേല്‍നോട്ടം വഹിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. എന്നാല്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം ഹൈക്കോടതി വഹിക്കട്ടെയെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. കുടുംബാംഗങ്ങള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാമെന്നും അന്വേഷണ വിവരം മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ വിലക്കിലെന്നും കോടതി വ്യക്തമാക്കി.