തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷ മുദ്രാവാക്യം; 25ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു

ഐപിസി 143, 147, 153എ, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. എസ്ഡിപിഐയും ഡിവൈഎഫ്‌ഐയും ഇതു സംബന്ധിച്ച് നേരത്തേ പരാതി നല്‍കിയിരുന്നു.

Update: 2021-12-02 04:13 GMT

കണ്ണൂര്‍: തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ വിദ്വേഷ മുദ്രാവാക്യത്തില്‍ പോലിസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന 25ല്‍ അധികം ബിജെപി പ്രവര്‍ത്തകരെ പ്രതി ചേര്‍ത്താണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലിസ് സ്വമേധയാ കേസെടുത്തത്.

ഐപിസി 143, 147, 153എ, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. എസ്ഡിപിഐയും ഡിവൈഎഫ്‌ഐയും ഇതു സംബന്ധിച്ച് നേരത്തേ പരാതി നല്‍കിയിരുന്നു.

തലശ്ശേരിയില്‍ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെ ആയിരുന്നു ബിജെപി പ്രവര്‍ത്തകര്‍ മുസ്‌ലിം വിഭാഗത്തിനെതിരേ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്.

അഞ്ചു നേരം നമസ്‌കാരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല എന്നായിരുന്നു. ഒരു സംഘം പ്രവര്‍ത്തകരുടെ ആക്രോശം. ജയകൃഷ്ണനെ വെട്ടിയവര്‍ ആയുസ് ഒടുങ്ങി മരിക്കില്ലെന്നും ആര്‍എസ്എസിന്റെ കോടതിയില്‍ ഇവര്‍ക്കുള്ള ശിക്ഷ നടപ്പിലാക്കുമെന്നും അടക്കം മറ്റ് നിരവധി പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രകടനത്തില്‍ ഉടനീളം ഉയര്‍ന്നു. പോലിസിന്റെയും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ കൊലവിളി.

കെ ടി ജയകൃഷ്ണന്‍ അനുസ്മരണത്തോടനുബന്ധിച്ച് തലശ്ശേരിയില്‍ നടത്തിയ ആര്‍എസ്എസ് പരിപാടിയില്‍ മുസ്‌ലിം പള്ളികള്‍ ആക്രമിക്കുമെന്ന രീതിയിലുള്ള ഭീഷണി പ്രകടനം കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു.ആര്‍എസ്എസ്സിനെ തെരുവില്‍ നേരിടുവാന്‍ പൊതുസമൂഹം ഒരുങ്ങിയിരിക്കണമെന്നും എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി ഷബീര്‍ ആവശ്യപ്പെട്ടു.

ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകത്തില്‍ മുസ്‌ലിങ്ങള്‍ക്കോ മുസ്‌ലിം സംഘടനകള്‍ക്കോ യാതൊരു ബന്ധവുമില്ലെന്നിരിക്കെ മുസ്‌ലിംകള്‍ക്ക് നേരെയുള്ള ആക്രോശ പ്രകടനം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും എന്ത് വിലകൊടുത്തും ഇത്തരം വെല്ലുവിളികളെ നേരിടുവാന്‍ എസ്ഡിപിഐ നേതൃത്വം കൊടുക്കുമെന്നും തുടര്‍ച്ചയായുള്ള ഇത്തരം പ്രകോപനപരമായ പ്രസംഗങ്ങളും പ്രകടനങ്ങളും ഗൗരവമായി തന്നെ സമൂഹം കാണണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Tags:    

Similar News