കളമശ്ശേരി സ്‌ഫോടനത്തില്‍ വിദ്വേഷപ്രചാരണം; ഷാജന്‍ സ്‌കറിയയ്‌ക്കെതിരേ കേസെടുത്തു

Update: 2023-10-31 11:09 GMT

കൊച്ചി: കളമശ്ശേരി സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് യു ട്യൂബ് വീഡിയോയിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരേ കേസെടുത്തു. കുമരകം പോലിസാണ് 153 എ, ഐപിസി 504 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കളമശ്ശേരി സ്‌ഫോടനത്തിനു പിന്നാലെ യൂ ട്യൂബ് ചാനലില്‍ നല്‍കിയ വീഡിയോയിലെ പരാമര്‍ശങ്ങള്‍ മതവിദ്വേഷം പരത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബിജെപി നേതാവ് സന്ദീപ് വാര്യര്‍, വിഎച്ച്പി സംസ്ഥാന അധ്യക്ഷ കെ പി ശശികല, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, തുടങ്ങിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തേ പോലിസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കെപിസിസി ഡിജിറ്റല്‍ മീഡിയാ സെല്‍ കണ്‍വീനര്‍ ഡോ. പി സരിന്‍, ഐഎന്‍എല്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ തുടങ്ങിയവരാണ് പരാതി നല്‍കിയത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷപ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറിനെതിരേയും കേസെടുത്തിരുന്നു.

Tags: