വിദ്വേഷ പ്രസം​ഗം; ദുർ​ഗാദാസിനെ ഖത്തറിലെ കമ്പനിയും പുറത്താക്കി

നാരാങ് പ്രൊജക്ട്‌സിലെ സീനിയര്‍ അക്കൗണ്ടന്റാണ് ദുര്‍ഗാദാസ്. ഇയാളുടെ വിദ്വേഷ പ്രസം​ഗം ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമ്പനിക്ക് പരാതി നൽകിയത്.

Update: 2022-05-05 17:33 GMT

ദോഹ: ഗള്‍ഫിലേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസം​ഗം നടത്തിയ കേരള സർക്കാരിന് കീഴിലുള്ള മലയാളം മിഷൻ ഖത്തർ ചാപ്​റ്റർ കോഓഡിനേറ്ററായിരുന്ന ദുർഗാദാസ്​ ശിശുപാലന്റെ ഖത്തറിലെ ജോലിയും തെറിച്ചു. ദുർ​ഗാദാസിനെ പുറത്താക്കിയതായി ദോഹയിലെ നാരാങ് പ്രൊജക്ട്‌സ് എന്ന കമ്പനി അറിയിച്ചു.

നാരാങ് പ്രൊജക്ട്‌സിലെ സീനിയര്‍ അക്കൗണ്ടന്റാണ് ദുര്‍ഗാദാസ്. ഇയാളുടെ വിദ്വേഷ പ്രസം​ഗം ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമ്പനിക്ക് പരാതി നൽകിയത്. ഇയാള്‍ക്കെതിരേ കമ്പനി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പരാതിയിൽ, വിഷയത്തിൽ തങ്ങൾ നിയമപരമായി നീങ്ങുകയാണെന്നും അങ്ങനെ വന്നാല്‍ അത് നിങ്ങളുടെ കമ്പനിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദുർ​ഗാദാസിനെ കമ്പനിയിൽ നിന്ന് പുറത്താക്കിയതായി പരാതിക്ക് മറുപടിയായി കമ്പനി അധികൃതര്‍ അറിയിച്ചു. ഖത്തറിനു പുറമെ യുഎഇ, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എഫ്എസ്‌ഐഎംഇ കണ്‍സ്ട്രക്ഷന്‍സ്.

ദുർ​ഗാദാസിന്റെ വിദ്വേഷ പ്രസം​ഗം വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ മലയാളം മിഷൻ ഖത്തർ ചാപ്​റ്റർ കോഓഡിനേറ്റർ സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. മലയാളം മിഷൻ ഡയരക്​ടർ മുരുകൻ കാട്ടക്കടയാണ്​ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്​. ദുര്‍ഗാദാസിന്റെ പരാമര്‍ശങ്ങള്‍ മത വേര്‍തിരിവ് സൃഷ്ടിക്കുന്നതാണെന്നും വസ്തുതകള്‍ക്ക് വിരുദ്ധമായവയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.