മതവിദ്വേഷ പോസ്റ്റ്: ബിജെപി നേതാവിനെതിരേ കേസെടുക്കാനാവില്ലെന്ന് പോലിസ്
ബിജെപി നേതാവ് നടത്തിയ മതവിദ്വേഷ പോസ്റ്റില്‍ നിയമനടപടി സ്വീകരിക്കേണ്ടതായ ഒരു കാര്യവുമില്ലെന്നാണ് പരാതിക്കാരന് എസ്എച്ച്ഒ നവംബർ 28 ന് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കോഴിക്കോട്: ഹലാല്‍ വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഫേസ്ബുക്കില്‍ മതവിദ്വേഷ പ്രചാരണം നടത്തിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പോലിസ്. എറണാകുളം മുനമ്പം പോലിസ് ആണ് പരാതിയിന്‍മേല്‍ കേസെടുക്കാനാകില്ലെന്ന് കാണിച്ച് പരാതിക്കാരനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
എസ്ഡിപിഐ എറണാകുളം പള്ളിപ്പുറം ബ്രാഞ്ച് സെക്രട്ടറി റിഫാസാണ് മതവിദ്വേഷ പോസ്റ്റ് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 26ന് മുനമ്പം പോലിസിന് പരാതി നല്‍കിയത്. ബിജെപി സൗത്ത് പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റാണ് ശ്രീജിത്ത് ചെറായി. ശ്രീ ചെറായി എന്ന പേരിലാണ് ഫേസ്ബുക്ക് അക്കൗണ്ട്. വ്യാജ പോസ്റ്റുകളുടെ പേരിലും, മതവിദ്വേഷ പോസ്റ്റുകളുടെ പേരിലും നിരവധി തവണ ഫേസ്ബുക്ക് ശ്രീജിത്തിന്റെ അക്കൗണ്ട് പൂട്ടിച്ചിരുന്നതാണ്.
കഴിഞ്ഞ ഒക്ടോബര്‍ 25 നാണ് ശ്രീജിത്ത് നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ച ഹോട്ടലുടമയെ 'ജിഹാദികള്‍' ആക്രമിച്ചെന്ന് കണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഹോട്ടലുടമ തുഷാര നടത്തിയത് വ്യാജ പ്രചാരണമാണെന്ന് തെളിയുകയും ക്രിമിനല്‍ കേസ് നടപടികള്‍ നേരിടുകയുമാണ്.
എന്നാല്‍ ഈ വ്യാജ പ്രചാരണത്തിന്റെ ചുവട് പിടിച്ച് ബിജെപി നേതാവ് നടത്തിയ മതവിദ്വേഷ പോസ്റ്റില്‍ നിയമനടപടി സ്വീകരിക്കേണ്ടതായ ഒരു കാര്യവുമില്ലെന്നാണ് പരാതിക്കാരന് എസ്എച്ച്ഒ നവംബർ 28 ന് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ആര്‍എസ്എസിനെതിരേയോ ബിജെപിക്കെതിരേയോ പരാതികള്‍ ഉയരുമ്പോള്‍ പോലിസ് നോക്കുകുത്തിയാകുന്ന സമീപനമാണ് ഉള്ളതെന്ന ആക്ഷേപം വ്യാപകമാണ്.
