പശുസുരക്ഷാ പദ്ധതിക്കുള്ള തുക പത്തിരട്ടി വര്‍ധിപ്പിച്ച് ഹരിയാന സര്‍ക്കാര്‍

Update: 2023-02-24 02:00 GMT

ഛത്തീസ്ഗഢ്: ഹരിയാന സര്‍ക്കാരിന്റെ പശുസംരക്ഷണ പദ്ധതിയായ ഗോ സേവാ ആയോഗിന് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ തുകയേക്കാള്‍ പത്തിരട്ടി വര്‍ധന. സംസ്ഥാനത്തെ കാലിത്തൊഴുത്തുകളുടെ സംരക്ഷണത്തിനും അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ സുരക്ഷയ്ക്കും 2023- 24 ബജറ്റില്‍ 400 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറാണ് ബജറ്റ് അവതരണവേളയില്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. നിലവിലുണ്ടായിരുന്ന 40 കോടി രൂപയില്‍ നിന്നാണ് 400 കോടിയായി ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്.

അലഞ്ഞുതിരിയുന്ന കന്നുകാലികളെ പാര്‍പ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം ഉചിതമായ രീതിയില്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുന്നു. ഗോശാലയിലെ ഗോമാതാവിനെ സംരക്ഷിക്കാനാണ് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയതെന്ന് മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. ഗോശാലകള്‍ക്കായി ഗ്രാമപ്പഞ്ചായത്തുകളില്‍ കൂടുതല്‍ സ്ഥലം അനുവദിക്കും. ഗോശാലകളെ ബന്ധപ്പെടുത്തി ഗോബര്‍ ധന്‍ എന്ന പദ്ധതി വഴി എല്ലാ ജില്ലകളിലും ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ രണ്ട് നടപടികളിലൂടെയും അലഞ്ഞുതിരിയുന്ന പശുക്കളുടെ സംരക്ഷണം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം റോഡുകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ മൂലമുണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാവും- മുഖ്യമന്ത്രി പറഞ്ഞു. ഹരിയാന ഗോ സേവാ ആയോഗില്‍ 632 ഗോശാലകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ 4.60 ലക്ഷം പശുക്കളാണ് ഈ ഗോശാലകളിലുള്ളത്.

Tags:    

Similar News