കാർഷിക നിയമം: ഹരിയാന ബിജെപി നേതാവ് ശ്യാം സിങ് റാണ പാർട്ടി വിട്ടു

കർഷകരെ പിന്തുണച്ചുകൊണ്ട് ഞാൻ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കുകയും പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്യുന്നുവെന്ന് ധങ്കറിന് നൽകിയ കത്തിൽ റാണ പറയുന്നു.

Update: 2020-10-01 09:19 GMT

ചണ്ഡിഗഡ്: അടുത്തിടെ നടപ്പാക്കിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഹരിയാനയിലെ ബിജെപി നേതാവ് ശ്യാം സിങ് റാണ പാർട്ടി വിട്ടു. യമുനാനഗർ ജില്ലയിലെ റഡൗറിൽ നിന്നുള്ള മുൻ എം‌എൽ‌എ കൂടിയായ ശ്യാം സിങ് സംസ്ഥാന ബിജെപി അധ്യക്ഷൻ ഓം പ്രകാശ് ധങ്കറിന് രാജി സമർപ്പിച്ചു.

എം‌എൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൽ ചീഫ് പാർലമെന്ററി സെക്രട്ടറിയായിരുന്ന റാണ, കർഷകരുടെ പ്രശ്നം മനസ്സിൽ വച്ചുകൊണ്ട് പാർട്ടി വിടുകയാണെന്ന് പറഞ്ഞു. കൃഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ കണക്കിലെടുത്ത് താൻ രാജിവയ്ക്കുന്നു. കർഷകരെ പിന്തുണച്ചുകൊണ്ട് ഞാൻ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കുകയും പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്യുന്നുവെന്ന് ധങ്കറിന് നൽകിയ കത്തിൽ റാണ പറയുന്നു.

പുതിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട കർഷകരുടെ ആശങ്ക അടിസ്ഥാനരഹിതമല്ലെന്നും റാണ രാജി സമർപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ധാരാളം കർഷകർ വിള സംഭരണത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും സർക്കാർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

മറ്റേതെങ്കിലും സംഘടനയിൽ ചേരുമോയെന്ന ചോദ്യത്തിന്, അടുത്ത നീക്കം നടത്തുന്നതിന് മുമ്പ് തന്റെ അനുയായികളോട് ആലോചിക്കുമെന്ന് റാണ പറഞ്ഞു. ഹരിയാന ബിജെപി നേതാക്കളായ പർമിന്ദർ സിങ് ധുൾ, രാംപാൽ മജ്‌റ എന്നിവർ അടുത്തിടെ കേന്ദ്രത്തിന്റെ കാർഷിക പരിഷ്കാരങ്ങളെ "കർഷക വിരുദ്ധ നടപടി" എന്ന് വിശേഷിപ്പിച്ച് രം​ഗത്തുവന്നിരുന്നു.