'ട്രാക്റ്റര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് ഡീസല്‍ നല്‍കരുത്'; പെട്രോള്‍ പമ്പുകള്‍ക്ക് യുപി സര്‍ക്കാര്‍ നിര്‍ദേശം

ജലപീരങ്കികള്‍ക്കും കണ്ണീര്‍ വാതകത്തിനും എന്‍ഐഎ കേസുകള്‍ക്കും ശേഷം ട്രാക്റ്റര്‍ പരേഡിനായി കര്‍ഷകര്‍ക്ക് ഡീസല്‍ നല്‍കേണ്ടതില്ലെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം അടിച്ചമര്‍ത്തലാണെന്ന് ഹര്‍സിമ്രത്ത് പറഞ്ഞു.

Update: 2021-01-25 05:31 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ആസൂത്രണം ചെയ്ത ട്രാക്റ്റര്‍ പരേഡിന് കേന്ദ്രസര്‍ക്കാര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ ആരോപിച്ചു. ജലപീരങ്കികള്‍ക്കും കണ്ണീര്‍ വാതകത്തിനും എന്‍ഐഎ കേസുകള്‍ക്കും ശേഷം ട്രാക്റ്റര്‍ പരേഡിനായി കര്‍ഷകര്‍ക്ക് ഡീസല്‍ നല്‍കേണ്ടതില്ലെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം അടിച്ചമര്‍ത്തലാണെന്ന് ഹര്‍സിമ്രത്ത് പറഞ്ഞു. ഇത്തരം അടിച്ചമര്‍ത്തലുകള്‍ കര്‍ഷകരെ പ്രക്ഷോഭത്തെക്കുറിച്ച് കൂടുതല്‍ ദൃഢനിശ്ചിയമുള്ളവരാക്കി മാറ്റുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

നാളെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന ട്രാക്ടര്‍ റാലി.തലസ്ഥാന നഗരത്തെ വലയംവെക്കുംവിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫിസര്‍മാര്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇത് അറിഞ്ഞതോടെ നഗരങ്ങളില്‍ ഗതാഗതം മുടക്കാന്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു. റാലിയില്‍ ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് അവസാനിച്ചാല്‍ റാലി തുടങ്ങും. വൈകീട്ട് ആറുമണിക്ക് അവസാനിപ്പിക്കും വിധമാണ് ക്രമീകരണം.

റാലിക്ക് പോലിസ് സുരക്ഷ ഒരുക്കും. പച്ച ജാക്കറ്റ് അണിഞ്ഞായിരിക്കും കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുക. പാക് അട്ടിമറി സംശയിക്കുന്നതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ ഒരുക്കിയിട്ടുണ്ട്. ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും ട്രാക്ടറുകളില്‍ നാട്ടാന്‍ അനുമതി ഉണ്ട്. കാര്‍ഷിക വൈവിധ്യം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും ഉള്‍പ്പെടുത്തും.

Tags:    

Similar News