ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക് രണ്ടുലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

Update: 2023-03-29 08:25 GMT

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടയില്‍ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ പരാതിക്കാരിയായ ഹര്‍ഷിനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആരോഗ്യവകുപ്പിനു കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏതവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ട് നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കാനൊരുങ്ങുകയാണ് ഹര്‍ഷിന. ആരോഗ്യമന്ത്രി ഹര്‍ഷിനയെ നേരിട്ട് കാണുകയും രണ്ടാഴ്ചക്കകം പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടി ഇല്ലെന്നായപ്പോള്‍ ഹര്‍ഷിന ആരോഗ്യമന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെയാണ് സമരവുമായി വീണ്ടും മുന്നോട്ടുപോവാന്‍ ഹര്‍ഷിന തീരുമാനിച്ചത്.

Tags: