ഹരിദ്വാറിലെ ഹിന്ദു സന്യാസികളുടെ മുസ്‌ലിം വംശഹത്യാ ആഹ്വാനം; പോലിസില്‍ പരാതി നല്‍കി തൃണമൂല്‍ നേതാവ്

പ്രമുഖ മതനേതാക്കളുടേയും ഹിന്ദുത്വ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ഹരിദ്വാറില്‍ 'ധര്‍മ്മ സന്‍സദ്' സംഘടിപ്പിച്ചത്.

Update: 2021-12-23 18:11 GMT

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന ത്രിദിന മതസമ്മേളനത്തിനിടെ ഹിന്ദു സന്യാസികള്‍ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ പോലിസില്‍ പരാതി നല്‍കി. ഈ മാസം 17 മുതല്‍ 19 വരെ 'ധര്‍മ്മ സന്‍സദ്' എന്ന പേരില്‍ നടന്ന ത്രിദിന മത സമ്മേളനത്തിലാണ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരേ പ്രകോപനപരവും വര്‍ഗീയവുമായ പ്രസംഗങ്ങള്‍ നടത്തുകയും അവരെ വംശഹത്യ നടത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തത്. പ്രമുഖ മതനേതാക്കളുടേയും ഹിന്ദുത്വ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ഹരിദ്വാറില്‍ 'ധര്‍മ്മ സന്‍സദ്' സംഘടിപ്പിച്ചത്.

വീഡിയോകള്‍ വൈറലായതോടെ, മതപരമായ സമ്മേളനത്തിനെതിരെ ജവാലപൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് പരാതി നല്‍കിയതായി വിവരാവകാശ പ്രവര്‍ത്തകനും തൃണമൂല്‍ നേതാവുമായ സാകേത് ഗോഖലെ പറഞ്ഞു. സംഘാടകര്‍ക്കും സ്പീക്കര്‍മാര്‍ക്കും എതിരെ 24 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കുമെന്ന് ഗോഖലെ ട്വീറ്റ് ചെയ്തു.

മൂന്ന് ദിവസങ്ങളിലായി നടന്ന ഈ പരിപാടി അസാധാരണ രീതിയിലുള്ള വിദ്വേഷ പ്രസംഗത്തിനാണ് സാക്ഷ്യം വഹിച്ചത്. മുസ്‌ലിംകള്‍ക്കെതിരായ അക്രമത്തിന് ആഹ്വാനം ചെയ്ത പരിപാടി സംഘടിപ്പിക്കാന്‍ സഹായിച്ചതിന് മുമ്പ് അറസ്റ്റിലായ ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും ബിജെപി മഹിളാ മോര്‍ച്ച നേതാവ് ഉദിത ത്യാഗിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വര്‍ഗീയ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ വിവാദ ഹിന്ദുത്വ നേതാവ് യതി സിംഹാനന്ദാണ് മൂന്ന് ദിവസത്തെ മത സമ്മേളനം സംഘടിപ്പിച്ചത്.

തങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്ന് ഹിന്ദു രക്ഷാ സേനയുടെ പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരി പറഞ്ഞു. അതിനുള്ള തയ്യാറെടുപ്പുകള്‍ എന്താണെന്ന് ഞാന്‍ നിങ്ങളോട് പറയാം. ഞാന്‍ സ്വയം വ്യക്തമാക്കും, ഇതാണ് പരിഹാരം, നിങ്ങള്‍ ഈ പരിഹാരം പിന്തുടരുകയാണെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ വഴി നിര്‍മിക്കും... മ്യാന്‍മറില്‍, ഹിന്ദുക്കളെ തുരത്തുകയായിരുന്നു. രാഷ്ട്രീയക്കാരും സര്‍ക്കാരും പോലിസും നോക്കിനില്‍ക്കുകയായിരുന്നു ഇത്. കഴുത്തറുത്ത് കൊന്ന് തുടങ്ങി, കാണുന്നവര്‍ വിചാരിച്ചു നമ്മള്‍ മരിക്കും, ജീവിക്കാന്‍ പോകുന്നില്ലായെന്ന്.

നിങ്ങള്‍ ഇത് ഡല്‍ഹി അതിര്‍ത്തിയില്‍ കണ്ടിട്ടുണ്ട്, അവര്‍ ഹിന്ദുക്കളെ തൂക്കിക്കൊല്ലുന്നു. ഇനി സമയമില്ല, ഒന്നുകില്‍ നിങ്ങള്‍ ഇപ്പോള്‍ മരിക്കാന്‍ തയ്യാറെടുക്കുക, അല്ലെങ്കില്‍ കൊല്ലാന്‍ തയ്യാറാകുക, വേറെ വഴിയില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ അതുകൊണ്ടാണ്, ഇവിടുത്തെ പോലിസും, രാഷ്ട്രീയക്കാരും, പട്ടാളവും, ഓരോ ഹിന്ദുവും ആയുധമെടുക്കണം, നമ്മള്‍ ഈ ശുചിത്വ യജ്ഞം നടത്തണം. ഇതല്ലാതെ ഒരു പരിഹാരവുമില്ലെന്ന് സ്വാമി പ്രബോധാനന്ദ ഗിരി പറഞ്ഞു.

വംശീയ ഉന്മൂലനത്തിനും വംശഹത്യക്കും ആഹ്വാനം ചെയ്യുന്ന പ്രസ്താവനകള്‍ പ്രബോധാനന്ദിന് ബിജെപിയുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും ഭയപ്പെടുത്തുന്നതാണ്. രണ്ട് തവണ പ്രബോധാനന്ദ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 2021 ആഗസ്ത് 12ന് ഉത്തരാഖണ്ഡിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കൊപ്പമുള്ള ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

'ഹരിദ്വാര്‍ ഹേറ്റ് അസംബ്ലി' എന്ന് വിളിക്കപ്പെടുന്ന മതസമ്മേളനത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി നേതാക്കള്‍ പരിപാടിയെ അപലപിക്കുകയും സംഘാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

'മുനാവര്‍ ഫാറൂഖി തമാശകളുടെ പേരില്‍ നിരന്തരം ശിക്ഷിക്കപ്പെട്ടു, എന്നാല്‍ ഹരിദ്വാറില്‍ മുസ്ലീങ്ങള്‍ക്കെതിരെ വംശഹത്യക്ക് പരസ്യമായി ആഹ്വാനം ചെയ്ത 'ധര്‍മ്മ സന്‍സദ്' അംഗങ്ങള്‍ക്കെതിരെ ഒരു നടപടിയുമില്ല! ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണോ!'-കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് ട്വീറ്റ് ചെയ്തു.

അതേസമയം, 'ധര്‍മ സന്‌സദ'ത്തിനെതിരായ രോഷത്തിനിടയില്‍, സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും സംസ്ഥാനത്തെ ക്രമസമാധാനം കണക്കിലെടുത്ത് നടപടിയെടുക്കുമെന്നും ഉത്തരാഖണ്ഡ് പോലിസ് പറഞ്ഞു. ഇതുവരെ ആരും പരാതി നല്‍കാത്തതിനാല്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്ന് പോലിസ് അവകാശപ്പെട്ടു.

പോലിസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഹരിദ്വാര്‍ പോലീസ് സൂപ്രണ്ട് സ്വതന്ത്ര കുമാര്‍ സിംഗ് പറഞ്ഞു.