ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകം; ആസൂത്രിതമെന്ന് പോലിസ്

രാഷ്ട്രീയപരമായ വിദ്വേഷം മൂല ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു. ഗൂഢാലോചന നടത്തിയ നാലുപേരാണ് കസ്റ്റഡിയിലുള്ളതെന്നും കമ്മീഷണര്‍ പറഞ്ഞു.

Update: 2022-02-22 13:18 GMT

കണ്ണൂര്‍: തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍. രാഷ്ട്രീയപരമായ വിദ്വേഷം മൂല ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു. ഗൂഢാലോചന നടത്തിയ നാലുപേരാണ് കസ്റ്റഡിയിലുള്ളതെന്നും കമ്മീഷണര്‍ പറഞ്ഞു.

ഫോറന്‍സിക് തെളിവുകള്‍, ഫോണ്‍ രേഖകള്‍ എന്നിവ കസ്റ്റഡിയിലുള്ളവരില്‍ നിന്ന് പോലിസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

തലശേരി ന്യൂമാഹിക്കടുത്ത് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടുമുറ്റത്ത് പതിയിരുന്ന സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഹരിദാസന്റെ സഹോദരനടക്കം വീട്ടില്‍നിന്ന് ഓടിയെത്തിയെങ്കിലും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് ഹരിദാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടുമുറ്റത്തുനിന്നാണ് ഒരു വടിവാളും ഇരുമ്പ് ദണ്ഡും പോലിസ് കണ്ടെടുത്തത്. സ്ഥലത്ത് ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയിരുന്നു. കണ്ടെടുത്ത ആയുധങ്ങള്‍ മാത്രമാണോ കൊലപാതകത്തിന് ഉപയോഗിച്ചിട്ടുള്ളതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

ഹരിദാസന്റെ ശരീരത്തില്‍ ഇരുപതിലധികം മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വാള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നും ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമായതെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാലുകള്‍ അറുത്തുമാറ്റിയ നിലയിലായിരുന്നു.

Tags:    

Similar News