ഡല്‍ഹി കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ വനിതാ കൗണ്‍സിലര്‍ക്ക് ജയിലില്‍ മര്‍ദ്ദനം

Update: 2020-12-22 11:59 GMT
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ നടത്തിയ മുസ് ലിം വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത മുന്‍ വനിതാ കൗണ്‍സിലര്‍ക്ക് ജയിലില്‍ മര്‍ദ്ദനം. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇശ്‌റത്ത് ജഹാനെയാണ് മണ്ടോളി ജയിലില്‍ സഹതടവുകാരില്‍ ചിലര്‍ തുടര്‍ച്ചയായി ഉപദ്രവിക്കുന്നതെന്ന് ഡല്‍ഹി കോടതിയില്‍ ആരോപിച്ചു. ഇശ്‌റത്ത് ജഹാന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും കോടതിയില്‍ പരാതി നല്‍കിയതിനു കൂടുതല്‍ ഉപദ്രവം നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. പ്രശ്‌ന പരിഹാരത്തിനു വേണ്ടി സ്വീകരിച്ച നടപടികളെക്കുറിച്ചും മറ്റൊരു ജയിലിലേക്ക് മാറ്റേണ്ട ആവശ്യമുണ്ടോയെന്നതു സംബന്ധിച്ചും വിശദമായ റിപോര്‍ട്ട് ബുധനാഴ്ച ജയില്‍ അധികൃതര്‍ നല്‍കണമെന്നും ഉത്തരവിട്ടു. ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടോയെന്ന് ജഡ്ജി മണ്ടോലി ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിനോട് ചോദിച്ചപ്പോള്‍ സ്ഥിരീകരിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചു.

    പരാതിക്കാരി തീര്‍ത്തും ഭയപ്പാടിലാണെന്നു തോന്നുന്നതായും അവരുമായി ഉടന്‍ സംസാരിച്ച് സ്ഥിതി മനസ്സിലാക്കണമെന്നും ആശങ്ക പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നും ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. നേരത്തേ, കോടതിയില്‍ നേരിട്ട് ഹാജരാക്കിയപ്പോള്‍ ഇത് ഒരു മാസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണെന്നും ശാരീരികമായും വാക്കാലുമായും തുടര്‍ച്ചയായി ഉപദ്രവിക്കുന്നതു കാരണം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ഇശ്‌റത്ത് ജഹാന്‍ പറഞ്ഞിരുന്നു. 'ഇത് ഒരു മാസത്തിലെ രണ്ടാമത്തെ സംഭവമാണ്. ഇന്ന് രാവിലെ 6.30 ന് തടവുകാര്‍

    എന്നെ മര്‍ദ്ദിക്കുകയും വാക്കാല്‍ അധിക്ഷേപിക്കുകയും ചെയ്തു. ജയില്‍ ഉദ്യോഗസ്ഥര്‍ എന്റെ വാക്കുകള്‍ കേട്ടില്ല. ഞാന്‍ രേഖാമൂലം പരാതിയും നല്‍കിയിട്ടുണ്ട്. അവര്‍ എന്നെ തീവ്രവാദി എന്ന് വിളിക്കുന്നു. കാന്റീനില്‍ നിന്ന് എന്നില്‍ നിന്നു പണം ആവശ്യപ്പെടുകയും ചെയ്തു'-ഇശ്‌റത്ത് ജഹാന്‍ ആരോപിച്ചു. കഴിഞ്ഞ നാല് മാസമായി താന്‍ ജയിലില്‍ ഉപദ്രവത്തിനിരയാവുന്നുണ്ടെന്നും തിഹാര്‍ ജയിലിലേക്ക് മാറ്റാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ കൊവിഡിന്റെ പേരില്‍ ഇത് നിരസിച്ചുവെന്നും അവര്‍ ആരോപിച്ചു. നേരത്തേ തന്നെ തടവുകാര്‍ മര്‍ദ്ദിച്ചിരുന്നുവെന്നും തുടര്‍ന്ന് തടവുകാരില്‍ ഒരാളെ മറ്റൊരു ജയിലിലേക്ക് മാറ്റിയതായും ഇശ്‌റത്ത് ജഹാനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രദീപ് ടിയോട്ടിയ പറഞ്ഞു. അവളുടെ ജയില്‍ സെല്ലില്‍ രണ്ട് സ്ത്രീകളുണ്ട്. ഇന്ന് അവളെ മര്‍ദ്ദിച്ചു. പ്രഭാത പ്രാര്‍ത്ഥന നടത്തുമ്പോള്‍ എതിര്‍ത്തു. അവളെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇശ്‌റത്ത് ജഹാന്‍ അഭിഭാഷകരുടെ ബാറിലെ അംഗമായതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അടിയന്തിരമായി ഹിയറിങ് നടത്തണമെന്നും അഭിഭാഷകന്‍ മിസ്ബ ബിന്‍ താരിഖ് കോടതിയോട് അഭ്യര്‍ത്ഥിച്ചു. തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്നും ചില രോഗങ്ങള്‍ ബാധിച്ചതായും ജഹാന്‍ പറഞ്ഞു.

    വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഭൂരിഭാഗം പേരും ജയിലില്‍ വിവേചനം നേരിടുന്നതായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എഎപി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസയ്ന്‍ പറഞ്ഞു. വിചാരണ തീരും മുമ്പ് കുറ്റാരോപിതരെ തീവ്രവാദികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ അധികൃതര്‍ അവരോട് മോശമായി പെരുമാറുന്നു. യുഎപിഎ നിയമപ്രകാരം കേസെടുത്തതിനാല്‍ കേസുകളില്‍ കോടതിയുടെ നിരീക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റാരോപിതനാണെന്നും പ്രതിയല്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജാമിഅ മില്ലിയ ഇസ് ലാമിയ്യ വിദ്യാര്‍ത്ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ തന്റെ കുടുംബാംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ തന്നെ കാണാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ അഭ്യര്‍ത്ഥനകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. ജയിലില്‍ തന്നെ തീവ്രവാദിയെന്ന് വിളിക്കാറുണ്ടെന്നും തന്‍ഹ ആരോപിച്ചു. ജയിലില്‍ അടിസ്ഥാനകാര്യങ്ങളില്ലെന്ന ചില പ്രതികളുടെ അഭ്യര്‍ഥന പ്രകാരം കോടതി ജയില്‍ അധികൃതരോട് റിപോര്‍ട്ട് തേടിയിരുന്നുവെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ആസിഫ് ഇഖ്ബാല്‍ തന്‍ഹയുടെ അഭിഭാഷകന്‍ സൗജന്യ ശങ്കരന്‍ പറഞ്ഞു.

"Harassed, Abused": Ex-Councillor Ishrat Jahan, Jailed In Delhi Riots Case

Tags:    

Similar News