ഗസയില്‍ അധിനിവേശം തുടങ്ങിയ ശേഷം 15,000 പേര്‍ ഹമാസില്‍ പുതുതായി ചേര്‍ന്നെന്ന് യുഎസ്

Update: 2025-01-25 04:23 GMT

ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയ ശേഷം 15,000ത്തോളം ഫലസ്തീനികള്‍ പുതുതായി ഹമാസില്‍ ചേര്‍ന്നെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം. ഏതെങ്കിലും പ്രദേശത്ത് ഇസ്രായേല്‍ സൈനികനടപടി പൂര്‍ത്തിയാക്കി മടങ്ങിയാല്‍ അവിടെ ഹമാസ് വീണ്ടും സംഘടിക്കുകയും കൂടുതല്‍ പേരെ സംഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

'' ഹമാസ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം'' -ഇസ്രായേലിലെ യുഎന്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ പറഞ്ഞു. ഗസയിലെ അധിനിവേശം വരുംതലമുറകളിലും സ്വാധീനം ചെലുത്തുമെന്നാണ് യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്രില്‍ ഹെയ്ന്‍സ് 2024 മാര്‍ച്ചില്‍ നടന്ന ഒരു കോണ്‍ഗ്രസ് ഹിയറിംഗില്‍ പറഞ്ഞത്. പുതിയ അംഗങ്ങളുടെ കാര്യത്തില്‍ വിശദമായ ആഭ്യന്തര പരിശോധന നടത്തുകയാണെന്ന് ഒരു ഹമാസ് കമാന്‍ഡര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആയിരക്കണക്കിന് പേര്‍ പുതുതായി സംഘടനയില്‍ ചേര്‍ന്നതായി അല്‍ഖസ്സം ബ്രിഗേഡ് വക്താവ് അബു ഉബൈദ ജൂലൈയില്‍ പറഞ്ഞിരുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായ ശേഷം ഹമാസ് ഗസയുടെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തത് യുഎസിനെയും ഇസ്രായേലിനെയും ഞെട്ടിച്ചിട്ടുണ്ട്. ഹമാസിനെ സൈനികമായും രാഷ്ട്രീയമായും പരാജയപ്പെടുത്തുമെന്ന പ്രഖ്യാപനം നടപ്പാവാത്തതില്‍ ഇസ്രായേലിലെ ജൂതകക്ഷികള്‍ക്ക് വലിയ പ്രതിഷേധവുമുണ്ട്.

Tags: