ഇസ്രായേല്‍ നരനായാട്ടിന് മറുപടി; ജറുസലേമില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണം

ഗസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒമ്പതു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ കുട്ടികളാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സും റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-05-10 17:02 GMT

ജെറുസലേം: മധ്യ ഇസ്രായേലിലും ജെറുസലേമിലും ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന്റെ റോക്കറ്റാക്രമണം. ജെറുസലേമിലും മസ്ജിദുല്‍ അഖ്‌സയിലും ഇസ്രായേല്‍ ദിവസങ്ങളായി തുടരുന്ന അതിക്രമങ്ങള്‍ക്ക് പ്രതികരണമായാണ് ഹമാസിന്റെ റോക്കറ്റ് ആക്രമണം. ജെറുസലേം ദിനം ആഘോഷിക്കുന്നതിനായി ആയിരക്കണക്കിന് ഇസ്രായേലികള്‍ ഡൗണ്‍ ടൗണ്‍ വഴി പരേഡ് നടത്തുന്നതിനിടെയാണ് മധ്യ ഇസ്രായേലിലും ജെറുസലേമിലും റോക്കറ്റ് ആക്രമണമുണ്ടായത്. ജെറുസലേമില്‍ ഇസ്രായേല്‍ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് റോക്കറ്റാക്രമണം നടത്തുമെന്ന് ഹമാസ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു.

റോക്കറ്റ് ആക്രമണത്തിന് തൊട്ടുപിന്നാലെ വടക്കന്‍ ഗസയിലെ ബെയ്ത് ഹാനൂനില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും മറ്റൊരു ആക്രമണത്തില്‍ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും ചെയ്തതായി ഫലസ്തീനി വൃത്തങ്ങളെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

എന്നാല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒമ്പതു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ കുട്ടികളാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സും റിപ്പോര്‍ട്ട് ചെയ്തു.

തലസ്ഥാനത്തെ ലക്ഷ്യമാക്കി ഏഴോളം റോക്കറ്റ് ആക്രമണങ്ങള്‍ ഉണ്ടായതായും ഒന്നു മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം വഴി കണ്ടെത്തി നശിപ്പിച്ചതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു. ചാനല്‍ 12 റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജനവാസമില്ലാത്ത ഒരു കെട്ടിടം റോക്കറ്റ് ആക്രമണത്തില്‍ തീ പടര്‍ന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹമാസും ഇസ്‌ലാമിക് ജിഹാദും ഏറ്റെടുത്തു.

ഇത് ഇസ്രായേലി കുറ്റകൃത്യങ്ങള്‍ക്കും വിശുദ്ധ നഗരത്തിനെതിരായ ആക്രമണത്തിനും ശെയ്ഖ് ജര്‍റാഹിലും അല്‍അഖ്‌സാ പള്ളിയിലും നമ്മുടെ ജനങ്ങളെ ഉപദ്രവിച്ചതിനും മറുപടിയായാണ്, ഇത് ഒരു സന്ദേശമാണ് ശത്രു നന്നായി മനസ്സിലാക്കണം.-ഇരു സംഘടനകളും പ്രസ്താവനയില്‍ പറഞ്ഞു.

അതിനിടെ, തിങ്കളാഴ്ച രാവിലെ അല്‍അഖ്‌സാ പള്ളി വളപ്പില്‍ ഇസ്രായേല്‍ സൈന്യം അതിക്രമിച്ച് കയറി, റബ്ബര്‍ വെടിയുണ്ടകള്‍, കണ്ണീര്‍ വാതകം, ശബ്ദ ബോംബുകള്‍ എന്നിവ ഫലസ്തീന്‍ വിശ്വാസികള്‍ക്കു നേരെ പ്രയോഗിച്ചിരുന്നു. ഇസ്രായേലി അതിക്രമങ്ങളില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Tags: