ഹമാസ് നേതാവിന്റെ കൊലപാതകം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

Update: 2024-01-03 05:08 GMT

ബെയ്‌റുത്ത്: ഹമാസിന്റെ മുതിര്‍ന്ന നേതാവ് സലാഹ് അല്‍ അറൂരിയെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഇസ്രായേലിന് ശക്തമായ മുന്നറിയിപ്പുമായി ലബനീസ് പോരാളി സംഘടനയായ ഹിസ്ബുല്ല. ലെബനാന്റെ തലസ്ഥാനത്ത് നടത്തിയ ആക്രമണത്തിന് 'ശിക്ഷിക്കപ്പെടാതെ പോവില്ലെ'ന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ വ്യക്തമാക്കി. തങ്ങളുടെ നിയന്ത്രണത്തിലുള്ള ബെയ്‌റുത്തില്‍ നടത്തിയ കൊലപാതകത്തിന് മറുപടി പറയാതെയോ ശിക്ഷിക്കപ്പെടാതെയോ പോവില്ല. ലെബനാന് നേരെയുള്ള ഗുരുതരമായ ആക്രമണമാണിത്. ഇസ്രായേല്‍ ഹമാസ് യുദ്ധത്തിലെ അപകടകരമായ വഴിത്തിരിവാണിതെന്നും ഹിസ്ബുല്ല വ്യക്തമാക്കി.

    ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ തെക്കന്‍ ബെയ്‌റുത്തില്‍ ഇന്നലെയുണ്ടായ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഹമാസ് ഡെപ്യൂട്ടി ലീഡര്‍ സലേഹ് അല്‍ അറൂരി കൊല്ലപ്പെട്ടത്. എന്നാല്‍, ആക്രണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. ആക്രമണത്തില്‍ അറൂരിയടക്കം ആറുപേരാണ് കൊല്ലപ്പെട്ടത്. ഗസ യുദ്ധം ആരംഭിച്ച ശേഷം ഇസ്രായേല്‍ സിറിയയിലും ലെബനാനിലും ആക്രമം നടത്തുന്നുണ്ട്. നേരത്തെ, ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ മുതിര്‍ന്ന നേതാവായ ജനറല്‍ റാസി മൗസവി സിറിയയില്‍ നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

    ലെബനനേയും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമമെന്ന് ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതി പറഞ്ഞു. വിഷയത്തില്‍ മൗനം പാലിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായും റിപോര്‍ട്ടുണ്ട്. ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടപടിയെടുത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആക്രമണത്തിനും പ്രതിരോധത്തിനും തങ്ങള്‍ തയ്യാറാണെന്നും ഏത് സാഹചര്യത്തേയും നേരിടാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സജ്ജമാണെന്നും സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. അതിനിടെ, ഒക്‌ടോബര്‍ 7 മുതല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 22,185 പേര്‍ കൊല്ലപ്പെടുകയും 57,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags: