ഹമാസിന്റെ പതാകയും ചിഹ്നങ്ങളും 'നിരോധിച്ച്' ജര്‍മ്മനി; അപലപിച്ച് ഹമാസ്

ഹമാസിനെ ഭീകരസംഘടനയായി മുദ്രകുത്തികൊണ്ടുള്ള യൂറോപ്യന്‍ യൂനിയന്‍ നടപടിയുടെ ചുവട് പിടിച്ചാണ് ജര്‍മ്മന്‍ പാര്‍ലമെന്റിന്റെ അധോസഭ ഹമാസിന്റെ പതാകയ്ക്കും ചിഹ്നങ്ങള്‍ക്കും രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ല് പാസാക്കിയത്.

Update: 2021-06-26 15:24 GMT

ഗസാ സിറ്റി: ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന്റെ പതാകയ്ക്കും ചിഹ്നങ്ങള്‍ക്കും രാജ്യത്ത് 'നിരോധനമേര്‍പ്പെടുത്തുന്ന ബില്ലിന് ജര്‍മ്മന്‍ പാര്‍ലമെന്റിന്റെ അധോസഭ അംഗീകാരം നല്‍കി. സെമിറ്റിക് വിരുദ്ധ സംഘര്‍ഷങ്ങളുമായി ബന്ധപ്പെടുത്തിയാണ് നടപടി. ഹമാസിനെ ഭീകരസംഘടനയായി മുദ്രകുത്തികൊണ്ടുള്ള യൂറോപ്യന്‍ യൂനിയന്‍ നടപടിയുടെ ചുവട് പിടിച്ചാണ് ജര്‍മ്മന്‍ പാര്‍ലമെന്റിന്റെ അധോസഭ ഹമാസിന്റെ പതാകയ്ക്കും ചിഹ്നങ്ങള്‍ക്കും രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ല് പാസാക്കിയത്. നിയമം പ്രാബല്യത്തില്‍ വരുന്നതിന് പാര്‍ലമെന്റിന്റെ ഉപരി സഭയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

അതേസമയം, ജര്‍മനിയുടെ നടപടിയെ ഹമാസ് അപലപിച്ചു. ഹമാസ് പതാകയും ചിഹ്നങ്ങളും നിരോധിച്ച ജര്‍മ്മനിയുടെ തീരുമാനത്തില്‍ തങ്ങള്‍ ദുഖം രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്യുന്നതായി ഹമാസ് വക്താവ് ഹസീം ഖാസിം അനദോലു ഏജന്‍സിയോട് പറഞ്ഞു.

ഈ തീരുമാനം, ഹമാസ് പ്രതിനിധീകരിക്കുന്ന പലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ ന്യായമായ കാരണത്തെക്കുറിച്ചുള്ള അറിവില്ലായ്മ പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. തന്റെ പ്രസ്ഥാനം അധിനിവേശത്തിനെതിരായ അതിന്റെ നിയമാനുസൃത പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


Tags:    

Similar News