ഗസാ മുനമ്പിനെ ഇനി ഇസ്സാം അല്‍ ദലിസ് നയിക്കും

മുഹമ്മദ് അവാദിന്റെ പിന്‍ഗാമിയായി ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ ഇസ്സാം അല്‍ ദലിസിനെയാണ് ഗസാ സര്‍ക്കാരിന്റെ പുതിയ തലവനായി നിയമിച്ചതെന്ന് അനദോലു അറിയിച്ചു.

Update: 2021-06-13 07:28 GMT

ഗസാ സിറ്റി: ഉപരോധത്തില്‍ കഴിയുന്ന ഗസ മുനമ്പിലെ ഭരണ നിര്‍വഹണത്തിന് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ് പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചതായി വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു. മുഹമ്മദ് അവാദിന്റെ പിന്‍ഗാമിയായി ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ ഇസ്സാം അല്‍ ദലിസിനെയാണ് ഗസാ സര്‍ക്കാരിന്റെ പുതിയ തലവനായി നിയമിച്ചതെന്ന് അനദോലു അറിയിച്ചു.

ഫലസ്തീന്‍ വിഭാഗങ്ങളുടെ ആഭ്യന്തര ധാരണ പ്രകാരം 2017 മുതല്‍, ഹമാസ് അതിന്റെ മുതിര്‍ന്ന നേതാവിനെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചാണ് ഗസയുടെ ഭരണചക്രം തിരിക്കുന്നത്.2006ല്‍ നടന്ന സ്വതന്ത്ര തിരഞ്ഞെടുപ്പില്‍ പലസ്തീന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം സീറ്റുകളും ഹമാസ് നേടിയിരുന്നെങ്കിലും യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും അറബ് രാജ്യങ്ങളും ഇസ്രായേലും ഫത്തഹ് പ്രസ്ഥാനവും തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ തയ്യാറായില്ല. മേഖലയിലെ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തി 2007 ജൂലൈ 14നാണ് ഫത്തഹില്‍ നിന്ന് ഗസ മുനമ്പിന്റെ അധികാരം ഹമാസ് ഏറ്റെടുത്തത്. ഇസ്രായേല്‍ പിന്തുണയുള്ള ഫത്തഹ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഹമാസിനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

നിരവധി പ്രാദേശിക, അന്തര്‍ദ്ദേശീയ മധ്യസ്ഥതകളിലൂടെ ഇരു വിഭാഗത്തേയും ഒന്നിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അതൊക്കെയും പരാജയപ്പെടുകയായിരുന്നു. ഹമാസ് ഫത്തഹിന് നിരവധി ആനുകൂല്യങ്ങള്‍ നല്‍കിയെങ്കിലും 2017ലെ അനുരഞ്ജന നീക്കങ്ങളും പരാജയപ്പെടുകയായിരുന്നു.

അതിനുശേഷം, ഗാസയിലെ ഹമാസ് സര്‍ക്കാര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു കമ്മിറ്റിയാണ് ഗസയുടെ ഭരണചക്രം തിരിക്കുന്നത്.