ഭിന്നത മറന്ന് ഹമാസും ഫത്തഹും കൈകോര്‍ക്കുന്നു

മുഴുവന്‍ ഫലസ്തീന്‍ സേനകളുടെയും വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ സമഗ്ര ചര്‍ച്ചയ്ക്ക് സഹായിക്കുന്ന ദേശീയ സമവായത്തിനായുള്ള ഒരു ദര്‍ശനം രൂപപ്പെട്ടതായി ഫത്താഹ്-ഹമാസ് പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കി.

Update: 2020-09-25 08:29 GMT

ആങ്കറ: ഫലസ്തീനിലെ വെസ്റ്റ് ബാങ്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫത്തഹും ഗസയെ നിയന്ത്രിക്കുന്ന ഹമാസും ഭിന്നത മറന്ന് കൈകോര്‍ക്കുന്നു. മുഴുവന്‍ ഫലസ്തീന്‍ സേനകളുടെയും വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ സമഗ്ര ചര്‍ച്ചയ്ക്ക് സഹായിക്കുന്ന ദേശീയ സമവായത്തിനായുള്ള ഒരു ദര്‍ശനം രൂപപ്പെട്ടതായി ഫത്താഹ്-ഹമാസ് പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കി.

ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് സ്‌പോണ്‍സര്‍ ചെയ്യുന്ന പലസ്തീന്‍ വിഭാഗങ്ങളുടെ സെക്രട്ടറി ജനറല്‍ യോഗത്തില്‍ ദേശീയ സമവായത്തിന്റെ അന്തിമവും ഔദ്യോഗികവുമായ പ്രഖ്യാപനം ഉണ്ടാവുമെന്ന് തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചയുടെ സമാപന പ്രസ്താവനയില്‍ ഇരു സംഘടനകളും വ്യക്തമാക്കി. പ്രഖ്യാപനം ഒക്ടോബറിന് മുമ്പ് ഉണ്ടാവുമെന്നും ഇതിന്റെ പ്രായോഗിക നടപടികള്‍ സമ്മേളനത്തിനു പിന്നാലെ ആരംഭിക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

ഈ മാസം ആദ്യത്തില്‍ റാമല്ലയിലും ബെയ്‌റൂത്തിലും നടന്ന സെക്രട്ടറി ജനറല്‍ ഉച്ചകോടിയില്‍ അംഗീകരിച്ച നടപടികളെ കേന്ദ്രീകരിച്ചാണ് തുര്‍ക്കിയില്‍ ചര്‍ച്ച നടന്നത്. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കാനുള്ള നിശ്ചയവും പ്രതിബദ്ധതയും ഇരു സംഘടനകളും സ്ഥിരീകരിച്ചു. രണ്ട് പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുടെ യോഗങ്ങള്‍ ചൊവ്വാഴ്ചയാണ് ഇസ്താംബൂളില്‍ ആരംഭിച്ചത്.

ഫത്തഹ് കേന്ദ്ര കമ്മിറ്റി റജൗബ് ഫത്തഹ് പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയപ്പോള്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ ഡെഉപ മേധാവി സാലിഹ് അല്‍ അറൂരി ഹമാസ് പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി.

Tags: