'ഉല്‍പ്പന്നങ്ങളിലെ 'ഹലാല്‍' സ്റ്റിക്കര്‍ ഒഴിവാക്കണം'; വ്യാപാരികള്‍ക്ക് ഭീഷണിയുമായി ഹിന്ദു ഐക്യവേദി
എറണാകുളം: ക്രിസ്തുമസിനു ഹലാല്‍ മാംസം ബഹിഷ്‌കരിക്കാന്‍ ക്രിസ്ത്യാനികള്‍ ആഹ്വാനം ചെയ്‌തെന്ന വ്യാജപ്രചാരണം പൊളിഞ്ഞതിനു പിന്നാലെ വ്യാപാരികളെ ഭീഷണിപ്പെടുത്തി ഹിന്ദു ഐക്യവേദി. ഉല്‍പ്പന്നങ്ങളില്‍ നിന്നു 'ഹലാല്‍' സ്റ്റിക്കര്‍ ഒഴിവാക്കണമെന്നും അല്ലെങ്കില്‍ ബഹിഷ്‌കരണവും പ്രക്ഷോഭവും ഉള്‍പ്പെടെയുള്ളവ സ്ഥാപനങ്ങളിലേക്ക് ഉണ്ടാവുമെന്നുമാണ് ഭീഷണി. ഹിന്ദു ഐക്യവേദിയുടെ ആലുവ പാറക്കടവ് പഞ്ചായത്ത് സമിതിയാണ് രേഖാമൂലം വ്യാപാരികളെ ഭീഷണിപ്പെടുത്തുന്ന കത്ത് നല്‍കിയത്. സമീപകാലത്ത് പ്രവര്‍ത്തനം ആരംഭിച്ച ഒരു ബേക്കറി ഉടമയ്ക്കു നല്‍കിയ കത്താണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സ്ഥാപനത്തില്‍ ഹലാല്‍ എന്ന സ്റ്റിക്കര്‍ പതിക്കുകയും അതുവഴി ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ് എന്ന സന്ദേശം നല്‍കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് അയിത്താചരണവും കുറ്റകരവുമാണ്. ആയതിനാല്‍ നോട്ടീസ് കൈപ്പറ്റി ഏഴു ദിവസത്തിനകം ഹലാല്‍ അറിയിപ്പ് സ്ഥാപനത്തില്‍നിന്ന് നീക്കം ചെയ്യണം. മേലില്‍ നിങ്ങളുടെ സ്ഥാപനത്തിലെ പരസ്യത്തില്‍ നിന്നു അത് ഒഴിവാക്കണം. അല്ലാത്തപക്ഷം സ്ഥാപനം ബഹിഷ്‌കരണം, പ്രക്ഷോഭം എന്നിവയിലേക്ക് ഹിന്ദു ഐക്യവേദിയെ നിര്‍ബന്ധിതരാക്കുമെന്നാണ് നോട്ടീസിലുള്ളത്.
ഹിന്ദു ഐക്യവേദിയുടെ ആലുവ ജില്ലാ കാര്യാലയത്തിന്റെ പേരില്‍ തന്നെ അച്ചടിച്ചു പുറത്തിറക്കിയ നോട്ടീസാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രസിഡന്റ് അരുണ്‍ അരവിന്ദിന്റെയും ജനറല്‍ സെക്രട്ടറി ധനേഷ് പ്രഭാകരന്റെയും നമ്പറും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെയും ഹലാല്‍ മുദ്രയുള്ള ഉല്‍പ്പന്നങ്ങള്‍ക്കു നേരെ ഹിന്ദുത്വര്‍ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ, ക്രിസ്തുമസിന് കേരളത്തിലെ ക്രൈസ്തവര്‍ ഹലാല്‍ മാംസം ബഹിഷ്‌കരിക്കുന്നുവെന്ന് കാണിച്ച് ഒരു വ്യാജവാര്‍ത്തയും പുറത്തുവിട്ടിരുന്നു. ഒരു ക്രൈസ്തവ സംഘടനയുടെ പേരില്‍ പുറത്തിറക്കിയ വ്യാജ ബഹിഷ്‌കരണ ആഹ്വാനം ഇംഗ്ലീഷ് ദിനപത്രത്തില്‍ വരെ വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍, വിഷയം ശ്രദ്ധയില്‍പ്പെട്ട ക്രൈസ്തവ സംഘടന തങ്ങളുടെ വെബ്‌സൈറ്റിലീടെ ഇത് വ്യാജവാര്‍ത്തയാണെന്നു വ്യക്തമാക്കുകയും ബീഫ് ഉലത്തിയതിന്റെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തത് ഹിന്ദുത്വര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു.
'Halal' sticker on products should be avoided '; Hindu Aikya Vedi threatens traders
