ഹജ്ജിന് ഇന്ന് തുടക്കം; അറഫാ സംഗമം നാളെ, ഇന്ത്യയില്‍ നിന്ന് ഇക്കുറിയെത്തിയത് 79,362 തീര്‍ഥാടകര്‍

മിനായില്‍ വ്യാഴാഴ്ച തീര്‍ഥാടകരുടെ രാപ്പാര്‍ക്കലോടെ ചടങ്ങ് ആരംഭിക്കും. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. സൗദിയില്‍ ശനിയും കേരളത്തില്‍ ഞായറും ബലിപെരുന്നാള്‍ ആഘോഷിക്കും.

Update: 2022-07-07 03:26 GMT

മക്ക: കൊവിഡ് പ്രതിസന്ധി തീര്‍ത്ത രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമുള്ള ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം. മിനായില്‍ വ്യാഴാഴ്ച തീര്‍ഥാടകരുടെ രാപ്പാര്‍ക്കലോടെ ചടങ്ങ് ആരംഭിക്കും. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. സൗദിയില്‍ ശനിയും കേരളത്തില്‍ ഞായറും ബലിപെരുന്നാള്‍ ആഘോഷിക്കും.

കനത്ത സുരക്ഷയിലായിരിക്കും ഇത്തവണ ഹജ്ജ് എന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രണ്ടുവര്‍ഷമായി ഹജ്ജ് കര്‍മ്മം സൗദിക്കകത്തു നിന്നുള്ള പരിമിതമായ ഹാജിമാര്‍ മാത്രമായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ ഇത്തവണ വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്കുകൂടി ഹജ്ജ് കര്‍മത്തിന് അവസരം നല്‍കിയിട്ടുണ്ട്. കോവിഡ് വാക്‌സിനെടുത്ത 65നു താഴെ പ്രായക്കാര്‍ക്കാണ് അനുമതി.

സുരക്ഷ, ചികിത്സ അടക്കം എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി ഹജ്ജ്ഉംറ മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴയുണ്ടാകും. എല്ലാവരും പൂര്‍ണ ആരോഗ്യവാന്മാരാണെന്നും സുഗമമായി ഹജ്ജ് നിര്‍വഹിക്കാനുള്ള ഒരുക്കം പൂര്‍ത്തിയായെന്നും ഇന്ത്യന്‍ ഹജ്ജ് മിഷന് നേതൃത്വം വഹിക്കുന്ന കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു.

ഇന്ത്യയില്‍നിന്ന് 79,237 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. 56,637 ഹാജിമാര്‍ ഔദ്യോഗിക ഹജ്ജ് കമ്മിറ്റി വഴിയും ബാക്കിയുള്ളവര്‍ സ്വകാര്യ ഗ്രൂപ്പ് വഴിയുമാണ് എത്തിയത്. കേരളത്തില്‍നിന്ന് 5758 തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കുക.

Tags:    

Similar News