ഹെയ്തി ഭൂചലനം: നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്; വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

'ധാരാളം വീടുകള്‍ തകര്‍ന്നു, ആളുകള്‍ മരിച്ചു, ചിലര്‍ ആശുപത്രിയിലാണ്. 'എല്ലാവരും ഇപ്പോള്‍ തെരുവിലാണ്, ഞെട്ടലില്‍നിന്ന് ആരും മുക്തരായിട്ടില്ല- പ്രഭവകേന്ദ്രത്തിന് സമീപം താമസിക്കുന്ന ക്രിസ്റ്റല്ല സെന്റ് ഹിലെയര്‍ എഎഫ്പിയോട് പറഞ്ഞു.

Update: 2021-08-14 16:03 GMT

പോര്‍ട്ട് ഓഫ് പ്രിന്‍സ്: ഹെയ്തിയെ പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ശക്തമായ ഭൂചലനത്തില്‍ നിരവധി പേര്‍ മരണപ്പെട്ടതായി അല്‍ ജസീറ, റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അനേകം കെട്ടിടങ്ങളും വീടുകളും നിലംപൊത്തി. പലയിടങ്ങളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമാവുന്നതേയുള്ളൂ. മരണപ്പെട്ടവരുടെ എണ്ണവും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

'ധാരാളം വീടുകള്‍ തകര്‍ന്നു, ആളുകള്‍ മരിച്ചു, ചിലര്‍ ആശുപത്രിയിലാണ്. 'എല്ലാവരും ഇപ്പോള്‍ തെരുവിലാണ്, ഞെട്ടലില്‍നിന്ന് ആരും മുക്തരായിട്ടില്ല- പ്രഭവകേന്ദ്രത്തിന് സമീപം താമസിക്കുന്ന ക്രിസ്റ്റല്ല സെന്റ് ഹിലെയര്‍ എഎഫ്പിയോട് പറഞ്ഞു. കരീബിയന്‍ ദ്വീപ് രാഷ്ട്രമാണ് ഹെയ്തി. ജനസാന്ദ്രതയുള്ള തലസ്ഥാനമായ സെന്‍ട്രല്‍ പോര്‍ട്ട് ഓഫ് പ്രിന്‍സില്‍നിന്ന് ഏകദേശം 100 മൈല്‍ (160 കിലോമീറ്റര്‍) അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അയല്‍രാജ്യങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ഭൂകമ്പത്തെത്തുടര്‍ന്ന് ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ വരുത്തിയതായി ദൃക്‌സാക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ പട്ടണമായ ലെസ് ആംഗ്ലെയ്‌സില്‍ ശനിയാഴ്ച ഒരു ചടങ്ങ് നടക്കുന്ന പള്ളി ഉള്‍പ്പെടെയുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പ്രദേശവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. ഹെയ്തി തീരത്ത് മൂന്ന് മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ പറഞ്ഞു.


 സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മരണങ്ങളുണ്ടെന്ന് എനിക്ക് സ്ഥിരീകരിക്കാന്‍ കഴിയും. പക്ഷേ, എനിക്ക് ഇതുവരെ കൃത്യമായ കണക്കില്ല- ഹെയ്തിയുടെ സിവില്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജെറി ചാന്‍ഡലര്‍ എഎഫ്പിയോട് പറഞ്ഞു. ഞങ്ങള്‍ ഇപ്പോഴും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ഏരിയല്‍ ഹെന്‍ട്രി അവിടെയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശങ്കപ്പെടേണ്ടതില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പ്രസിഡന്റ് ജോവനല്‍ മൊയ്‌സ് ട്വീറ്റ് ചെയ്തു. ഭൂചലനത്തില്‍ പരിഭ്രാന്തരായി ഓടിയവരാണ് പരിക്കേറ്റവരില്‍ കൂടുതലും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010 ജനുവരിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂകമ്പം പോര്‍ട്ട് ഓഫ് പ്രിന്‍സിന്റെയും സമീപനഗരങ്ങളുടെയും ഭൂരിഭാഗം പ്രദേശങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. രണ്ടുലക്ഷത്തിലേറെപ്പേരാണ് മരിച്ചത്. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒന്നര ലക്ഷത്തിലധികം ഹെയ്തിയക്കാരെ ഭവനരഹിതരാക്കി.

Tags: