ഹരിയാനയിലെ മുസ്‌ലിം കുടുംബത്തിനു നേരെ ഹിന്ദുത്വ ആക്രമണം; ആറു പേര്‍ അറസ്റ്റില്‍

40 ഓളം വരുന്ന ഹിന്ദുത്വ സംഘം സ്ത്രീകളടക്കമുള്ള കുടംബത്തിന് നേരെ അതിക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഇവരുടെ വീടിനു നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു

Update: 2019-03-23 10:50 GMT
ഹരിയാനയിലെ മുസ്‌ലിം കുടുംബത്തിനു നേരെ  ഹിന്ദുത്വ ആക്രമണം; ആറു പേര്‍ അറസ്റ്റില്‍

ഗുരുഗ്രാം: ഹരിയാനയില്‍ മുസ്‌ലിം കുടുംബത്തെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. പ്രതികള്‍ക്കെതിരേ കൊലപാതകശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പോലിസ് പറഞ്ഞു. ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

40 ഓളം വരുന്ന ഹിന്ദുത്വ സംഘം സ്ത്രീകളടക്കമുള്ള കുടംബത്തിന് നേരെ അതിക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഇവരുടെ വീടിനു നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു.ക്രിക്കറ്റ് കളിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്ന് പറയുന്നു.

ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പുരുഷന്‍മാരെ ക്രൂരമായി ആക്രമിക്കുന്നതിന്റെയും സ്ത്രീകള്‍ വാവിട്ട് കരയുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ആക്രമികള്‍ തലപൊട്ടി ചോര വരും വരെ ആക്രമണം തുടരുകയായിരുന്നു.ഒരാള്‍ ബോധം നഷ്ടപ്പെടുകയും മറ്റോരാള്‍ ചലനമറ്റ് കിടക്കുകയും ചെയ്തിട്ടും ആക്രമികള്‍ ആക്രമണം തുടരുകയായിരുന്നു.

ഗുരുഗ്രാമിലെ ബുപ് സിങ് നഗറില്‍ ഇരകളുടെ വീടിന് മുന്നില്‍ ക്രിക്കറ്റ് കളിക്കരുതെന്ന് പറഞ്ഞ് ആയിരുന്നു മദ്യപിച്ചെത്തിയ സംഘം അക്രമിച്ചത്. എന്നാല്‍ ക്രിക്കറ്റ് കളി തുടര്‍ന്ന ഇവരെ 40 പേരടങ്ങുന്ന സംഘമെത്തി അക്രമിക്കയായിരുന്നു. ഇതോടെ ഇരകള്‍ വീട്ടിലേക്ക് ഓടിക്കയറുകയും പിന്നാലെയെത്തിയ സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കയായിരുന്നു. വീട്ടിലെത്താന്‍ കഴിയാത്തവര്‍ വീടിന് നേരെ കല്ലെറിഞ്ഞെന്നും പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ആക്രമണം നടന്ന് 40 മിനിറ്റ് കഴിഞ്ഞാണ് പോലിസെത്തിയതെന്നും അപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടെന്നും പറയുന്നു. ഭോണ്‍സി പോലീസ് സ്‌റ്റേഷനില്‍ വധശ്രമത്തിന് കേസെടുത്തെന്നും പോലിസ് വ്യക്തമാക്കി.

Tags:    

Similar News