കന്നുകാലി വ്യാപാരികളെ തടയാനെത്തിയ വിഎച്ച്പി നേതാവ് വാഹനമിടിച്ച് മരിച്ചു; 10 പേര്‍ അറസ്റ്റില്‍

ബിജെപി വല്‍സാദ് ജില്ലാ പ്രസിഡന്റ് ഹേമന്ത് കന്‍സാറ ഹാര്‍ദിക് കന്‍സാരയുടെ അമ്മാവനാണ്

Update: 2021-06-21 01:36 GMT

ഗാന്ധിനഗര്‍: കന്നുകാലി വ്യാപാരികളെ തടയാനെത്തിയ വിഎച്ച്പി പ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ 10 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ധരംപൂര്‍ താലൂക്കിലെ വിഎച്ച്പി മുന്‍ പ്രസിഡന്റും സ്വയംപ്രഖ്യാപിത 'ഗോ രക്ഷക'നുമായിരുന്ന ഹാര്‍ദിക് കന്‍സാര(29) മരിച്ച കേസിലാണ് പോലിസ് നടപടി. ബിജെപി വല്‍സാദ് ജില്ലാ പ്രസിഡന്റ് ഹേമന്ത് കന്‍സാറ ഹാര്‍ദിക് കന്‍സാരയുടെ അമ്മാവനാണ്.

    ഗുജറാത്തിലെ വല്‍സാദ് ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കന്നുകാലി വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്ര ഭീവണ്ടി നിവാസികളായ അസ്ഗര്‍ എന്ന മകാദിയ അന്‍സാരി, ജാവേദ് ശൈഖ്, ജമീല്‍ ഷെയ്ക്ക്, ഖലീല്‍ ഷെയ്ഖ്, അതുല്‍ ഗ്രാമത്തിലെ അന്‍സാര്‍ ശൈഖ്, അങ്കി മുറാദ് അലിസര്‍, വങ്കല്‍ ഗ്രാമത്തിലെ ഹസന്‍ അലിസര്‍, ധര്‍മേഷ് അഹിര്‍, കമലേഷ് അഹിര്‍, ധരംപൂര്‍ താലൂക്കിലെ ബര്‍സോള്‍ ഗ്രാമത്തിലെ ജയേഷ് അഹിര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. ഇവര്‍ക്കെതിരേ ഐപിസി സെക്ഷന്‍ 304 പ്രകാരമാണ് കേസെടുത്തത്. വല്‍സാദില്‍ നിന്ന് ഭീവണ്ടിയിലേക്കും മഹാരാഷ്ട്രയിലെ മറ്റ് സ്ഥലങ്ങളിലേക്കും കന്നുകാലികളെ വിതരണം ചെയ്യുന്നവരാണിവരെന്നും കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുകയാണെന്നും വല്‍സാദ് ജില്ലാ പോലിസ് സൂപ്രണ്ട് രാജ്ദീപ്‌സിങ് സാല പറഞ്ഞു.

    കന്നുകാലികളെ കടത്തി ഒരു വാഹനം വരുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹാര്‍ദിക് കന്‍സാര ധരംപൂര്‍വല്‍സാദ് റോഡിലെ ബാം ക്രീക്ക് പാലത്തില്‍ തടയാനെത്തിയതായിരുന്നു. ടെംപോ അടുത്തെത്തിയപ്പോള്‍ വാഹനം നിര്‍ത്താന്‍ ഹാര്‍ദിക് റോഡിന്റെ മധ്യഭാഗത്ത് ട്രക്ക് നിര്‍ത്തിയിട്ട് തടസ്സമുണ്ടാക്കി. ട്രക്കിനടുത്ത് നില്‍ക്കുകയായിരുന്ന ഹാര്‍ദിക് കന്‍സാരയുടെ ദേഹത്ത് വാഹനം ഇടിക്കുകയായിരുന്നു. എന്നാല്‍, ശരീരത്തിലേക്ക് വാഹനം ഓടിച്ചു കയറ്റുകയായിരുന്നുവെന്നാണ് വിഎച്ച് പി ആരോപിക്കുന്നത്.

Gujarat: VHP Gaurakshak Hardik Kansara's death, 10 arrested


Tags: