ഗുജറാത്തിലെ സ്‌കൂളുകളില്‍ ഭഗവദ് ഗീത നിര്‍ബന്ധിത പാഠ്യവിഷയമാക്കി

Update: 2022-03-17 12:59 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ സ്‌കൂളുകളില്‍ ഭഗവദ് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ തീരുമാനം. ആറ് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലാണ് ഭഗവദ് ഗീത നിര്‍ബന്ധിത പാഠ്യവിഷയമാക്കുക. ഈ ക്ലാസുകളിലെ കുട്ടികളെ ഭഗവദ് ഗീതയുടെ തത്വങ്ങളും മൂല്യങ്ങളും പഠിപ്പിക്കും.വ്യാഴാഴ്ച ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിത്തു വഗാനി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സ്‌കൂളിലെ പ്രാര്‍ത്ഥനകളില്‍ ഭഗവദ് ഗീതയിലെ ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തും. വിവിധ സംസ്ഥാനങ്ങളിലെ ഭഗവദ് ഗീത പഠനം നിര്‍ബന്ധമാക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കവെയാണ് ഗുജറാത്തില്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി നിര്‍ബന്ധമായും പഠിപ്പിക്കാനൊരുങ്ങുന്നത്. സ്‌കൂള്‍ കുട്ടികളെ ഗീതാ പരിജ്ഞാനത്തെക്കുറിച്ചും അതിന്റെ മൂല്യങ്ങളെക്കുറിച്ചും പഠിക്കാന്‍ പ്രാപ്തമാക്കുന്നതിന് ഗീതയെക്കുറിച്ചുള്ള പ്രസംഗ മല്‍സരം, ഗാനം, സാഹിത്യ മല്‍സരം എന്നിവ സര്‍ക്കാര്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സ്‌കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ തീരുമാനം നടപ്പാക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News