ഗുജറാത്ത് വംശഹത്യ: നരോദ പാട്യ കൂട്ടക്കൊലക്കേസ് പ്രതികള്‍ക്ക് ജാമ്യം
ഉമേഷ്ഭായി സുരഭായി ഭാര്‍വദ്, രാജ്കുമാര്‍, പദ്‌മേന്ദര്‍ സിങ് ജസ്വന്ത് സിങ് രാജ്പുത്, ഹര്‍ഷദ് എന്ന മുന്‍ഗ്ദ ജില ഗോവിന്ദ് ചാര പാര്‍മര്‍ എന്നിവര്‍ക്കാണ് ജസ്റ്റിസ് എം എം ഖാന്‍വില്‍ക്കല്‍, ജസ്റ്റിസ് അജയ് റസ്‌തോഗി എന്നിവരുള്‍പ്പെട്ട ബെഞ്ച് ജാമ്യം നല്‍കിയത്.
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യക്കിടെ നരോദാപാട്യയില്‍ 97 പേരെ കൂട്ടക്കൊല നടത്തിയ കേസിലെ നാല് പ്രതികള്‍ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ഉമേഷ്ഭായി സുരഭായി ഭാര്‍വദ്, രാജ്കുമാര്‍, പദ്‌മേന്ദര്‍ സിങ് ജസ്വന്ത് സിങ് രാജ്പുത്, ഹര്‍ഷദ് എന്ന മുന്‍ഗ്ദ ജില ഗോവിന്ദ് ചാര പാര്‍മര്‍ എന്നിവര്‍ക്കാണ് ജസ്റ്റിസ് എം എം ഖാന്‍വില്‍ക്കല്‍, ജസ്റ്റിസ് അജയ് റസ്‌തോഗി എന്നിവരുള്‍പ്പെട്ട ബെഞ്ച് ജാമ്യം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20ന് ഗുജറാത്ത് ഹൈക്കോടതി കേസിലെ 29 പ്രതികളില്‍ 12 പേരുടെ ശിക്ഷ ശരിവച്ചിരുന്നു. ബിജെപി മുന്‍ മന്ത്രി മായ കോദ്‌നാനി ഉള്‍പ്പെടെ 17 പേരെ വെറുതെവിടുകയായിരുന്നു. പ്രതികള്‍ ചെയ്ത കുറ്റം വ്യക്തികള്‍ക്കെതിരല്ലെന്നും സമൂഹത്തിനെതിരാണെന്നും സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നതിന് ഇവരുടെ നടപടി കാരണമായതായും വിധി പ്രസ്താവിക്കുന്ന വേളയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 10 വര്‍ഷം കഠിന തടവാണ് പ്രതികള്‍ക്ക് വിധിച്ചത്.
2002 ഫെബ്രുവരി 28ന് അഹ്മദാബാദിലെ നരോദാപാട്യയില്‍ സംഘപരിവാരം നടത്തിയ ആക്രമണത്തില്‍ 97 മുസ്ലിംകളാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിലാണ് 30കാരിയായ ഗര്‍ഭിണിയുടെ വയര്‍ കുത്തിപ്പിളര്‍ന്ന് കുഞ്ഞിനെ പുറത്തേക്കെടുത്ത് കത്തിച്ചത്.