ബിജെപി സ്ഥാനാർത്ഥിയായ മകളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച് ഗുജറാത്ത് കലാപക്കേസിലെ പ്രതി

Update: 2022-11-13 15:12 GMT

 അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നരോദ പാട്യ കൂട്ടക്കൊലക്കേസ് പ്രതിയുടെ മകൾ പായൽ കുക്രാനിയെ നരോദ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിച്ച് ഗുജറാത്ത് ഭരിക്കുന്ന ബിജെപി. 2015 മുതൽ ജാമ്യത്തിലിറങ്ങിയ ജീവപര്യന്തം തടവുകാരൻ മനോജ് കുക്രാനി തന്റെ മകളുടെ തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കാൻ സഹായിക്കുകയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ, ഗോധ്ര മണ്ഡലത്തിൽ നിന്ന് ചന്ദ്രസിങ് റൗൾജിയെ മത്സരിപ്പിച്ച് ബിജെപി വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ബിൽക്കിസ് ബാനോ കേസിലെ പ്രതികളെ "സാംസ്കാരിക ബ്രാഹ്മണർ" എന്ന് റൗൾജി വിശേഷിപ്പിച്ചിരുന്നു, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് ഇളവ് അനുവദിച്ച ഗുജറാത്ത് സർക്കാർ കമ്മിറ്റിയുടെ ഭാഗമായിരുന്നു റൗൾജി.

കലാപക്കേസിലെ പ്രതികൾക്ക് പ്രതിഫലം നൽകാനാണ് ബിജെപി അവളെ തിരഞ്ഞെടുത്തതെന്നതിന്റെ തെളിവാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.പ്രചാരണത്തിനിടെ തവാനിയും ബിജെപി പാർട്ടി പ്രവർത്തകരും മനോജിനെ ഊഷ്മളമായി സ്വീകരിച്ചു

നരോദ പാട്യ കൂട്ടക്കൊല നടന്ന അതേ മണ്ഡലത്തിൽ നിന്നാണ് ബിജെപി പായലിനെ മത്സരിപ്പിച്ചത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. 2002 ലെ ഗുജറാത്ത് കലാപത്തിൽ നരോദയിൽ 97 പേരെ കൊലപ്പെടുത്തിയ ആൾക്കൂട്ടത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് 2012 ൽ ശിക്ഷിക്കപ്പെട്ട 32 പേരിൽ ഒരാളായിരുന്നു ബിജെപി സ്ഥാനാർഥിയുടെ പിതാവ്.