മോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍

Update: 2023-03-31 08:20 GMT

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആം ആദ്മി പാര്‍ട്ടി രാജ്യവ്യാപകമായി നടത്തുന്ന പോസ്റ്റര്‍ പ്രചാരണത്തിന്റെ പേരില്‍ എട്ട് പേരെ ഗുജറാത്ത് പോലിസ് കസ്റ്റഡിയിലെടുത്തു. 'മോദി ഹഠാവോ, ദേശ് ബച്ചാവോ'(മോദിയെ നീക്കം ചെയ്യുക, ഇന്ത്യയെ രക്ഷിക്കൂ) എന്ന പോസ്റ്ററുകള്‍ പതിപ്പിച്ചതിനാണ് ഇവരെ പോലിസ് അറസ്റ്റ് ചെയ്തത്. മോദിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ ഉപയോഗിച്ച് പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ് ചുമത്തിയത്. അഹമ്മദാബാദിലെ മണിനഗര്‍, ഇസാന്‍പൂര്‍, വത്വ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

    നേരത്തേ, രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ സമാനരീതിയിലുള്ള തലക്കെട്ടുള്ള പോസ്റ്ററുകള്‍ പതിച്ചതിന് പിന്നാലെ പോലിസ് വ്യാപകമായി പോസ്റ്ററുകള്‍ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിക്കെതിരേ രാജ്യവ്യാപക പോസ്റ്റര്‍ കാംപയിനുമായി എഎപി രംഗത്തെത്തിയത്. രാജ്യത്തുടനീളം 11 ഭാഷകളില്‍ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് എഎപി അറിയിച്ചത്.

    മോദിയുടെ വിദ്യാഭ്യാസ യോഗ്യതകളെ ലക്ഷ്യംവച്ചുള്ള 'ക്യാ ഭാരത് കെ പിഎം കോ പധേ ലിഖേ ഹോനാ ചാഹിയേ?' (ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം ആവശ്യമുണ്ടോ) എന്ന തലക്കെട്ടോടു കൂടിയ പോസ്റ്ററുകളാണ് പ്രധാനമായും പ്രചരിപ്പിക്കുന്നത്. അതത് ഭാഷകളില്‍ പോസ്റ്ററുകള്‍ നിര്‍മിക്കാന്‍ എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും എഎപി നിര്‍ദേശം നല്‍കിയിരുന്നു.

Tags: