ഗുജറാത്തിലെ വിവരാവകാശപ്രവര്‍ത്തകന്റെ കൊല; മുന്‍ ബിജെപി എംപി ഉള്‍പ്പെടെ ഏഴ് പേര്‍ കുറ്റക്കാര്‍

2010ല്‍ അഹ്മദാബാദില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് ജെത്വ വെടിയേറ്റു കൊല്ലപ്പെട്ട കേസിലാണ് പ്രത്യേക സിബിഐ കോടതി ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ജൂലൈ 11ന് വിധിക്കും.

Update: 2019-07-06 09:19 GMT

അഹ്മദാബാദ്: ഗുജറാത്തില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ജുനഗഡിലെ മുന്‍ ബിജെപി എംപി ദിനു ബോഗ സോളങ്കി ഉള്‍പ്പെടെ ഏഴ് പേര്‍ കുറ്റക്കാര്‍. 2010ല്‍ അഹ്മദാബാദില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് ജെത്വ വെടിയേറ്റു കൊല്ലപ്പെട്ട കേസിലാണ് പ്രത്യേക സിബിഐ കോടതി ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ജൂലൈ 11ന് വിധിക്കും.

ഗുജറാത്ത് ഹൈക്കോടതിക്ക് പുറത്ത് 2010 ജൂലൈ 10നാണ് ജെത്വയെ രണ്ടുപേര്‍ ചേര്‍ന്ന് വെടിവച്ചുകൊന്നത്. ഗീര്‍ വനത്തില്‍ മുന്‍ എംപിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അനധികൃത ഖനനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ രേഖയിലൂടെ ജത്വ പുറത്തുകൊണ്ടുവന്നിരുന്നു.

തുടക്കത്തില്‍ അഹ്മദാബാദ് ഡിറ്റക്ഷന്‍ ക്രൈം ബ്രാഞ്ച്(ഡിസിബി) ആണ് കേസ് അന്വേഷിച്ചിരുന്നത്. ശിവ സോളങ്കി(ദിനു സോളങ്കിയുട മരുമകന്‍), ശൈലേഷ് പാണ്ഡ്യ, ബഹദൂര്‍സിങ് വാദര്‍, പഞ്ചന്‍ ജി ദേശായി, സഞ്ജയ് ചൗഹാന്‍, ഉദാജി താക്കൂര്‍ എന്നിവര്‍ക്കെതിരേ ഡിസിബി കുറ്റപത്രം സമര്‍പ്പിച്ചു. ഡിസിബി സോളങ്കിക്ക് ശുദ്ധിപത്രം നല്‍കിയതിനെ തുടര്‍ന്ന് ജെത്വയുടെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും 2013ല്‍ ഡല്‍ഹിയില്‍ സോളങ്കിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ സോളങ്കിയാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.

പല അട്ടിമറികള്‍ക്കും സാക്ഷ്യം വഹിച്ചതായിരുന്നു അമിത് ജത്വ കേസിന്റെ വിചാരണ. വിചാരണ ആരംഭിച്ചതിന് പിന്നാലെ നിരവധി സാക്ഷികള്‍ പ്രതിഭാഗത്തേക്കു കൂറുമാറി. 195 സാക്ഷികളില്‍ 105 പേര്‍ പ്രതിഭാഗത്തേക്കു മാറിയതോടെ കേസില്‍ പുതിയ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജെത്വയുടെ പിതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ബിജെപി നേതാവിന്റെ സമ്മര്‍ദ്ദത്തിലാണ് കൂറുമാറ്റമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അപ്പോഴേക്കും വിചാരണ ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിചാരണ സ്റ്റേ ചെയ്ത ഹൈക്കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. അന്നത്തെ പ്രത്യേക കോടതി ജഡ്ജി ദിനേശ് എല്‍ പട്ടേലിനെ മാറ്റാനും കോടതി നിര്‍ദേശിച്ചിരുന്നു. 

Tags: