ഗ്രീസിലെ മൊറിയ അഭയാര്‍ഥി ക്യാംപ് കത്തിയമര്‍ന്നു; പെരുവഴിയിലായത് ആയിരങ്ങള്‍

പരിക്കോ ആളപായമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. അഭയാര്‍ഥി ക്യാംപ് പൂര്‍ണായും കത്തിയമര്‍ന്നതോടെ ആഫ്രിക്ക, സിറിയ, ഏഷ്യ എന്നിവിടങ്ങളില്‍നിന്നു പലായനം ചെയ്ത 13000ത്തോളം പേര്‍ പെരുവഴിയിലായി.

Update: 2020-09-09 15:09 GMT

ആതന്‍സ്: ഗ്രീസിലെ ലെസ്‌ബോസ് ദ്വീപിലെ മോറിയ അഭയാര്‍ഥിക്യാംപ് ഇന്നലെ അര്‍ദ്ധരാത്രിയുണ്ടായ അഗ്നിബാധയില്‍ പൂര്‍ണമായും ചാമ്പലായി. അനധികൃത സെറ്റില്‍മെന്റിലെ മൂന്നിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. പരിക്കോ ആളപായമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. അഭയാര്‍ഥി ക്യാംപ് പൂര്‍ണായും കത്തിയമര്‍ന്നതോടെ ആഫ്രിക്ക, സിറിയ, ഏഷ്യ എന്നിവിടങ്ങളില്‍നിന്നു പലായനം ചെയ്ത 13000ത്തോളം പേര്‍ പെരുവഴിയിലായി.


ബദല്‍ സംവിധാനം കണ്ടെത്താന്‍ അധികൃതര്‍ ബുദ്ധിമുട്ടുന്നതിനിടെ പാതവക്കിലും ക്യാംപിനു സമീപത്തെ വയലുകളിലും ആയിരങ്ങളാണ് കഴിച്ചുകൂട്ടുന്നത്. 25 ഓളം അഗ്‌നിശമന സേനാംഗങ്ങളും പത്ത് ഫയര്‍ എഞ്ചിനുകളും എത്തിയാണ് തീ അണച്ചത്. പുലര്‍ച്ചെയോടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും രാവിലെയോടെയാണ് തീ പൂര്‍ണമായും അണച്ചത്.

തീപിടിത്തത്തിന് കാരണമായത് എന്താണെന്ന് വ്യക്തമല്ല. അതേസമയം, തുര്‍ക്കിഷ് ഏജന്റുമാരും പ്രദേശവാസികളും ക്യാമ്പ് നിവാസികളും തമ്മിലുള്ള തര്‍ക്കമാണ് തീപിടുത്തത്തിന് കാരണമായതെന്ന ആരോപണം ശക്തമാണ്.

കത്തിയമര്‍ന്ന ക്യാംപിലെ അവശേഷിച്ച തങ്ങളുടെ വസ്തുവകള്‍ക്കായി തിരച്ചില്‍നടത്തുന്ന അഭയാര്‍ഥികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ അഭയാര്‍ഥി ക്യാംപില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പലരും അടുത്തിടെ ഇവിടെനിന്ന് പലായനം ചെയ്തിരുന്നു.

അതേസമയം, മൊറിയയിലെ പല അഭയാര്‍ഥികളും ലെസ്‌ബോസിന്റെ തലസ്ഥാനമായ മൈറ്റിലീനിലേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവരെ ദ്വീപ് പോലിസ് തടഞ്ഞതായും റിപോര്‍ട്ടുകളുണ്ട്. കുടിയേറ്റക്കാരും പ്രാദേശിക ജനതയും തമ്മിലുള്ള സംഘര്‍ഷവും സ്ഥിതി സങ്കീര്‍ണമാക്കിയിട്ടുണ്ട്.ചില പ്രദേശവാസികള്‍ കുടിയേറ്റക്കാരെ ആക്രമിക്കുകയും തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി മോറിയ ക്യാമ്പിനടുത്തുള്ള ഒരു ഗ്രാമത്തിലൂടെ നടക്കുന്നത് തടയുകയും ചെയ്തതായി ബിബിസി പറയുന്നു.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോടാകിസ് ഇന്ന് രാവിലെ അടിയന്തര യോഗം ചേര്‍ന്നു. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി നിരവധി മന്ത്രിമാര്‍ ദ്വീപിലേക്ക് തിരിച്ചിട്ടുണ്ട്.

Tags:    

Similar News