"ഞാന്‍ സവര്‍ക്കറെ ആരാധിക്കുന്നു; അദ്ദേഹത്തെ പോലെ ജയിലില്‍ പോവാന്‍ സന്നദ്ധ": കങ്കണ റണാവത്ത്

മുംബൈയെ പാക് അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തിയ കങ്കണയുടെ വിവാദ പരാമര്‍ശങ്ങള്‍ ശിവസേനയുമായി വാക് പോരിനിടയാക്കിയിരുന്നു.

Update: 2020-10-24 15:57 GMT

മുംബൈ: മത വിദ്വേഷമുണ്ടാക്കുന്ന പ്രചാരണം നടത്തിയതിനു മുംബൈ കോടതി കങ്കണയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി താരം രംഗത്ത്. താന്‍ ജയിലിലേക്ക് പോവാന്‍ സന്നദ്ധയാണെന്ന് കങ്കണ റണാവത്ത്. ഹിന്ദു മഹാസഭ സ്ഥാപകനായ സവര്‍ക്കറെ താന്‍ ആരാധിക്കുന്നുണ്ടെന്നും കങ്കണ പറഞ്ഞു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കങ്കണ പ്രതികരിച്ചത്. രാജ്യദ്രോഹക്കേസില്‍ ബോളിവുഡ് താരം കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചണ്ഡേലിനും മുംബൈ പോലfസ് സമന്‍സയച്ച് അയച്ചിരുന്നു . ഈ മാസം 26, 27 തീയതികളില്‍ ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സമന്‍സിലുള്ളത്.

കങ്കണയുടെ കുറിപ്പ് ഇങ്ങനെ:

'സവര്‍ക്കര്‍, നേതാ ബോസ്, ഝാന്‍സി റാണി തുടങ്ങിയവരെ ഞാന്‍ ആരാധിക്കുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ എന്നെ ജയിലില്‍ അടയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. അത് എന്റെ തിരഞ്ഞെടുപ്പില്‍ എനിക്ക് ആത്മവിശ്വാസം നല്‍കുന്നു. ഞാന്‍ ജയിലിലേക്ക് പോകാനുള്ള കാത്തിരിപ്പിലാണ് ഞാന്‍ അതിന് സന്നദ്ധയാണ്. അതിലൂടെ എന്റെ ആരാധനാപാത്രങ്ങള്‍ കടന്നുപോയ അതേ ദുഃഖത്തിലൂടെ കടന്നുപോകാന്‍ എനിക്കാവും. അത് എന്റെ ജീവിതത്തിന് അര്‍ത്ഥം നല്‍കും.' കങ്കണ കുറിച്ചു.

'ഝാന്‍സി റാണിയുടെ കോട്ട തകര്‍ത്തത് എങ്ങനെയാണോ, അതുപോലെ എന്റെ വീട് തകര്‍ത്തു. സവര്‍ക്കറിനെ ജയിലില്‍ അടച്ചപോലെ എന്നെയും ജയിലില്‍ അടയ്ക്കാന്‍ ശ്രമം നടത്തുന്നു' എന്ന് മറ്റൊരു ട്വീറ്റില്‍ കങ്കണ കുറിച്ചു. നടന്‍ ആമിര്‍ ഖാനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്.

മുംബൈയെ പാക് അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തിയ കങ്കണയുടെ വിവാദ പരാമര്‍ശങ്ങള്‍ ശിവസേനയുമായി വാക് പോരിനിടയാക്കിയിരുന്നു.




 





Similar News