പെരിയ ഇരട്ടക്കൊല: സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം അനുവദിച്ചു; ഉത്തരവ് സാമ്പത്തിക പ്രതിസന്ധിക്കിടെ

Update: 2022-04-28 18:30 GMT

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശ പ്രകാരം ഇന്നലെയാണ് പണം അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ട്രഷറികളില്‍ കടുത്ത നിയന്ത്രണം തുടരുന്നതിനിടെയാണ് 24.5 ലക്ഷം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ്. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളാ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ പിന്നീട് ഈ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു. പെരിയ കേസില്‍ അഭിഭാഷകരുടെ ഫീസിനത്തില്‍ മാത്രം 88 ലക്ഷം രൂപയാണ് സര്‍ക്കാരിന് ചെലവായത്.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാല്‍ ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്നാണ് ധനവകുപ്പ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടര്‍ക്ക് എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. ശമ്പള വിതരണത്തില്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു.