ജപ്തി നടപടികളില്‍ നീതികേടുണ്ടെന്ന പരാതികള്‍ സര്‍ക്കാര്‍ കേള്‍ക്കാന്‍ തയ്യാറാവണം: എസ്‌വൈഎസ്

Update: 2023-01-23 15:48 GMT

കോഴിക്കോട്: ഹര്‍ത്താലിന്റെ ഭാഗമായുള്ള ജപ്തി നടപടികളില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുന്നു എന്നുള്ള ആക്ഷേപം സര്‍ക്കാര്‍ മുഖവിലക്കെടുക്കണമെന്നും നടന്നുവരുന്ന ജപ്തി നടപടികളില്‍ നീതികേടുണ്ടെന്ന പരാതികള്‍ സര്‍ക്കാര്‍ കേള്‍ക്കാന്‍ തയ്യാറാവണമെന്നും എസ്‌വെഎസ് കാന്തപുരം വിഭാഗം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റവാളികള്‍ക്ക് പോലും സ്വഭാവികമായ നീതി ലഭ്യമാവുന്നതാണ് ജനാധിപത്യത്തിന്റെ ശക്തി. എന്നിരിക്കെ ഇത്തരം നടപടികളിലെ പക്ഷപാതിത്വവും അവധാനതയില്ലായ്മയും നിയമവാഴ്ചയുടെ ലംഘനമാവുമെന്നാണ് കരുതേണ്ടത്.

ഹര്‍ത്താലുകള്‍ അന്യായമാണ്. അതിന്റെ ഭാഗമായുണ്ടായ അക്രമങ്ങളും നീതീകരിക്കാവുന്നതല്ല. എന്നാല്‍, ഹര്‍ത്താലിന്റെ പിന്നാലെ നടക്കുന്ന ജപ്തി നടപടിക്രമങ്ങളും അപ്രകാരം അന്യായമായിക്കൂടാ. നിരപരാധികളുടെ വീടുകള്‍ ജപ്തി ചെയ്യപ്പെടാനുണ്ടായ സാഹചര്യം അധികാരികള്‍ വ്യക്തമാക്കണമെന്നും എസ്‌വൈഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതില്‍ കോടതിയും പോലിസും സ്വീകരിച്ച ശുഷ്‌കാന്തി ഇത്തരത്തിലുള്ള എല്ലാ ഹര്‍ത്താലുകളിലുമുണ്ടാവണമെന്നും സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു.

Tags: