ഇന്ധനക്ഷാമം രൂക്ഷം; സ്‌കൂളുകളും ഓഫിസുകളും അടയ്ക്കാനൊരുങ്ങി ശ്രീലങ്ക
'ഇന്ധന വിതരണത്തിലെ കടുത്ത പ്രതിസന്ധി, പൊതുഗതാഗതത്തിന്റെ കുറവ്, സ്വകാര്യ യാത്രാ സംവിധാനങ്ങളുടെ അപ്രായോഗികത എന്നിവ കണക്കിലെടുത്ത്, തിങ്കളാഴ്ചമുതൽ ഓഫിസുകളിൽ അത്യാവശ്യം ജീവനക്കാർമാത്രം ഹാജരായാൽ മതി'
കൊളംബോ: ഇന്ധനക്ഷാമം രൂക്ഷമായതിനാൽ സർക്കാർ ഓഫിസുകളും വിദ്യാലയങ്ങളും അടുത്തയാഴ്ച അടച്ചിടാനൊരുങ്ങി ശ്രീലങ്കൻ സർക്കാർ. ക്ലാസുകൾ ഓൺലൈനാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യണമെന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സർക്കാർ ആവശ്യപ്പെട്ടു.
'ഇന്ധന വിതരണത്തിലെ കടുത്ത പ്രതിസന്ധി, പൊതുഗതാഗതത്തിന്റെ കുറവ്, സ്വകാര്യ യാത്രാ സംവിധാനങ്ങളുടെ അപ്രായോഗികത എന്നിവ കണക്കിലെടുത്ത്, തിങ്കളാഴ്ചമുതൽ ഓഫിസുകളിൽ അത്യാവശ്യം ജീവനക്കാർമാത്രം ഹാജരായാൽ മതി' -പൊതുഭരണ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
ആരോഗ്യ മേഖലയിലെ ജീവനക്കാർ പതിവുപോലെ ജോലിക്കെത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൊളംബോ നഗരപരിധിയിലെ സർക്കാർ സ്‌കൂളുകളും സർക്കാർ അംഗീകൃത സ്വകാര്യ സ്‌കൂളുകളും അടുത്തയാഴ്ച തുറക്കില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. ഓൺലൈൻ ക്ലാസുകൾക്ക് അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. മരുന്നിന്റെയും ഉപകരണങ്ങളുടെയും ലഭ്യതക്കുറവുമൂലം തിങ്കളാഴ്ച മുതൽ ശസ്ത്രക്രിയകൾ കുറയ്ക്കുമെന്ന് സർക്കാർ ആശുപത്രികളിലെ ഹൃദ്രോഗവിദഗ്ധർ വ്യക്തമാക്കി.
തരിശു ഭൂമിയിൽ കൃഷിചെയ്യാൻ ശ്രീലങ്കൻ പട്ടാളത്തെ ഇറക്കാനും സർക്കാർ തയാറായിട്ടുണ്ട്. ആസന്നമായ ഭക്ഷ്യക്ഷാമം ഒഴിവാക്കാനാണ് ശ്രമം. 1500 ഏക്കർ ഭൂമിയിലാണ് പട്ടാളം കൃഷിയിറക്കുക. രാജ്യത്തിന്റെ ഭക്ഷ്യഭദ്രതാ പദ്ധതിക്ക് പ്രചാരവും സഹായവും നൽകാൻ ഗ്രീൻ അഗ്രിക്കൾച്ചർ സ്റ്റിയറിങ് കമ്മിറ്റിക്കും സൈന്യം രൂപം നൽകി.