ചൈനീസ് ലാപ്ടോപ്പിനും തുണിത്തരങ്ങള്‍ക്കും മറ്റും കസ്റ്റംസ് ഡ്യൂട്ടി കൂട്ടാന്‍ കേന്ദ്രനീക്കം

ചൈനയെ കൂടാതെ ഏതാനും രാഷ്ട്രങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കു കൂടി ഇത്തരത്തില്‍ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്

Update: 2020-08-11 05:53 GMT

ന്യൂഡല്‍ഹി: ലഡാക്ക് കൈയേറ്റത്തിനു പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കു കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും രംഗത്ത്. ലാപ്ടോപ്പ്, കാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ചൈന ഇറക്കുമതി ചെയ്യുന്ന 20ഓളം ഉല്‍പ്പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചന. വാണിജ്യമന്ത്രാലയം നല്‍കിയ ശുപാര്‍ശ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ നടപ്പാക്കുമെന്നാണു വിവരം. ചില സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി ലൈസന്‍സ് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. അതേസമയം, ചൈനയെ കൂടാതെ ഏതാനും രാഷ്ട്രങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കു കൂടി ഇത്തരത്തില്‍ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.

    വിയറ്റ്നാം, തായ് ലന്‍ഡ് തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് ഈയിടെ ഇന്ത്യയിലേക്ക് ഇറക്കുമതി വര്‍ധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളെ ഉപയോഗിച്ച് ചൈന വന്‍തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ ആരോപണം. ഇതിനും കടിഞ്ഞാടിണമെന്ന നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാരിനു ലഭിച്ചിട്ടുള്ളതെന്നാണു സൂചന. ലഡാക്ക് കൈയേറ്റത്തിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ചൈനയുമായുള്ള വാണിജ്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നിരവധി ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍നിന്നുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിന് മുന്‍കൂര്‍ അനുമതി വേണമെന്നതുള്‍പ്പെടെയുള്ള കടുത്ത നിബന്ധനകള്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്താനുള്ള നീക്കമുണ്ടായിരിക്കുന്നത്.

Govt mulls duty hike on textiles, cameras, laptops



Tags:    

Similar News