പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ ശമ്പളം 23,000 ആക്കാന്‍ ശുപാര്‍ശ

2019 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രബല്യത്തോടെയുള്ള ശമ്പള പരിഷ്‌ക്കരണത്തിനാണ് ശുപാര്‍ശ നല്‍കിയത്.

Update: 2021-01-29 11:51 GMT

തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 ആക്കാന്‍ ശുപാര്‍ശ. 2019 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രബല്യത്തോടെയുള്ള ശമ്പള പരിഷ്‌ക്കരണത്തിനാണ് ശുപാര്‍ശ നല്‍കിയത്. അടുത്ത ശമ്പള പരിഷ്‌കരണം കേന്ദ്ര ശമ്പള പരിഷ്‌കരണത്തിനു ശേഷമായിരിക്കും. 2026 ജനുവരിയ്ക്ക് ശേഷമേ അടുത്ത ശമ്പള പരിഷ്‌കരണം പാടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടു പ്രകാരം കൂടിയ ശമ്പളം 1,66,800 ആയി വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 16500 രൂപയും കൂടിയ ശമ്പളം 140000 രൂപയുമാണ്.

വില്ലേജ് ഓഫിസര്‍മാര്‍ക്ക് 1500 രൂപ സ്‌പെഷ്യല്‍ അലവന്‍സ് നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്. 2019 ജൂലൈ ഒന്നുവരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണം. എച്ച്.ആര്‍.എ വര്‍ധിപ്പിച്ചതിനാല്‍ സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കണം. ശമ്പള, പെന്‍ഷന്‍ വര്‍ധന വഴിയുള്ള വാര്‍ഷിക അധിക ബാധ്യത 4810 കോടി ആയിരിക്കും.

80 വയസു കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ അധികം നല്‍കണം. പെന്‍ഷന്‍ തുകയും വര്‍ധിപ്പിക്കണം. കുറഞ്ഞ പെന്‍ഷന്‍ 11500 രൂപയും കൂടിയത് 83400 രൂപയും ആയിരിക്കണം. ഈ തുക അവസാനം വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കണം. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയിലുണ്ട്. ഒരു വര്‍ഷം നീട്ടണമെന്നാണ് ശുപാര്‍ശ. ഈ വര്‍ഷം റിട്ടയര്‍ ചെയ്യുന്നവര്‍ക്കും ഒരു വര്‍ഷം കൂടി നീട്ടി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കിടപ്പിലാകുന്ന മാതാപിതാക്കളെ സംരക്ഷിക്കാന്‍ അവധിയും ശമ്പളത്തോടു കൂടി ഒരു വര്‍ഷം പാരന്റ് കെയര്‍ ലീവും നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags: