ഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം: ഗവര്‍ണര്‍

Update: 2022-08-11 18:18 GMT

കൊച്ചി: ഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏറെ ഓര്‍ഡിനന്‍സുകള്‍ ഒരുമിച്ച് വന്നതുകൊണ്ടാണ് ഒപ്പിടാതിരുന്നത്. ഓര്‍ഡിനന്‍സുകള്‍ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങങ്ങളും ഒപ്പിടാതിരുന്നതിന് കാരണമാണ്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനം വളരെ നല്ലതാണെന്നും താനതിനെ സ്വാഗതം ചെയ്യുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഇനി ഈ ഓര്‍ഡിനന്‍സുകള്‍ സഭയുടെ മേശപ്പുറത്ത് വരുമെന്നും അതാണ് ശരിയായ കാര്യമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഒരു പരാതിയല്ല, ഒട്ടേറെ പരാതികള്‍ ഉയര്‍ന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ചട്ടലംഘനങ്ങള്‍ പതിവായിരിക്കുകയാണ്. സര്‍വകലാശാലയിലെ പ്രശ്‌നങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കിട്ടിയാലുടന്‍ നടപടിയെടുക്കും. കണ്ണൂര്‍ സര്‍വകലാശാലയെ നശിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിന് തിരുവനന്തപുരത്തെ ആദിവാസി ഊരുകളില്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സര്‍ക്കാര്‍ അയച്ച 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ നിയമ നിര്‍മാണത്തിന് മാത്രമായി നിയമസഭ ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരിന്റെ ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചു നല്‍കി.

ബില്‍ തയ്യാറാക്കാനാണ് ഓര്‍ഡിനന്‍സുകള്‍ മടക്കി നല്‍കിയത്. ഗവര്‍ണറുടെ കടും പിടുത്തത്തെ തുടര്‍ന്ന് അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ രാവിലെ തീരുമാനിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉടന്‍ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സര്‍ക്കാര്‍ സമ്മേളനം വിളിക്കാന്‍ നീക്കം തുടങ്ങിയത്. ഓര്‍ഡിനന്‍സ് ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല രാജ്ഭവന്‍ സര്‍ക്കാറിലേക്ക് തിരിച്ചയച്ചിട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബില്‍ കൊണ്ടുവരാന്‍ സഭ ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Similar News