ഗവര്‍ണര്‍ക്ക് കങ്കണയെ കാണാന്‍ സമയമുണ്ട്, കര്‍ഷകരെ കാണാന്‍ സമയമില്ല: ശരദ് പവാര്‍

Update: 2021-01-25 15:32 GMT

മുംബൈ: കാര്‍ഷിക ബില്ലിനെതിരേ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് എന്‍സിപി. അദ്ധ്യക്ഷന്‍ ശരത് പവാര്‍ .മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് നടി കങ്കണ റനൗത്തിനെ കാണാന്‍ സമയമുണ്ട്. എന്നാല്‍ സമരം ചെയ്യുന്ന കര്‍ഷകരെ കാണാന്‍ അദ്ദേഹത്തിന് സമയമില്ലെന്നും ശരത് പവാര്‍ തുറന്നടിച്ചു. നാസിക്കില്‍ നിന്ന് മുംബൈയിലെത്തിയ എല്ലാ കര്‍ഷകര്‍ക്കും അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ അപലപിക്കുന്നുവെന്നും പവാര്‍ വ്യക്തമാക്കി.

കഴിഞ്ഞ 60 ദിവസമായി മഞ്ഞിനെയോ മഴയെയോ വെയിലിനെയോ വകവെക്കാതെ കര്‍ഷകര്‍ സമരം ചെയ്യുന്നു. യുപി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ അവര്‍ക്കിടയിലുണ്ട്. അവര്‍ പറയുന്നു ഇത് പഞ്ചാബിലെ മാത്രം കര്‍ഷകരാണെന്ന്. പഞ്ചാബ് എന്താ പാക്സിതാനിലാണോ? അവര്‍ നമ്മുടെ സ്വന്തം കര്‍ഷകരാണ്. കേന്ദ്ര സര്‍ക്കാര്‍ ആരോടും ആലോചിക്കുക പോലും ചെയ്യാതെയാണ് കാര്‍ഷിക ബില്‍ പാസാക്കിയത്. പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടപ്പോള്‍ അത് കേള്‍ക്കാന്‍ പോലും തയ്യാറാവാതെയാണ് മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയതെന്നും പവാര്‍ ആരോപിച്ചു.

പ്രതിപക്ഷം ഈ ബില്‍ സെലക്ട് കമ്മിറ്റി വിടാനാണ് തീരുമാനിച്ചത്. അവിടെ എല്ലാ പാര്‍ട്ടികളുടെ അംഗങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഒരു ചര്‍ച്ചയുമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. നിങ്ങളെല്ലാവരും അതിനെ പിന്തുണച്ചാല്‍ മതിയെന്നായിരുന്നു കേന്ദ്രത്തിന്റെ ഭാഷ്യം. ഇപ്പോള്‍ കര്‍ഷകര്‍ പോലും പറയുന്നു, ആദ്യം നിയമം പിന്‍വലിച്ച ശേഷമേ ചര്‍ച്ചയുള്ളുവെന്ന്. ഈ സര്‍ക്കാര്‍ കര്‍ഷകരെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ നിങ്ങള്‍ സ്വന്തം കരുത്തിലൂടെ അത്തരമൊരു സര്‍ക്കാരിനെ വീഴ്ത്താനാവുമെന്ന് തെളിയിച്ചെന്നും പവാര്‍ പറഞ്ഞു.

അതേസമയം നിര്‍ണായക സമയത്ത് ഗോവയിലേക്ക് പോയ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെയും പവാര്‍ വിമര്‍ശിച്ചു. കര്‍ഷകര്‍ ഈ നിയമത്തിനെതിരെ നിവേദനം നല്‍കാന്‍ എത്തിയപ്പോള്‍ അദ്ദേഹം അനുമതി നല്‍കിയില്ല. മഹാരാഷ്ട്ര ഒരിക്കലും ഇത്തരമൊരു ഗവര്‍ണറെ കണ്ടിട്ടില്ല. കങ്കണയെ എപ്പോള്‍ കാണാനും ഗവര്‍ണര്‍ തയ്യാറാണ്. എന്നാല്‍ കര്‍ഷകരെ കാണാന്‍ പറ്റില്ല. ഗവര്‍ണര്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇവിടെ വേണമായിരുന്നു. എന്നാല്‍ അദ്ദേഹം നിര്‍ഭാഗ്യവശാല്‍ ഇവിടെയില്ലെന്നും പവാര്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കാര്‍ഷിക നിയമം നടപ്പിലാക്കാതിരിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു നിയമം മഹാരാഷ്ട്രയില്‍ കൊണ്ടുവരുമെന്നും ഉദ്ധവ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കാര്‍ഷിക ബില്ലിനെതിരെ രാജ്യത്തുടനീളം ചര്‍ച്ചകളും സംവാദങ്ങളും തുടരുമ്പോഴും നിയമവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് കേന്ദ്രം. എന്നാല്‍ അതൊന്നും വെക്കാതെ തണുപ്പിലും, നിയമം പിന്‍വലിക്കുക എന്നതിനപ്പുറത്തേക്ക് മറ്റൊരു പരിഹാരത്തിനും തയ്യാറല്ലെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍.