വഖഫ് നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

Update: 2022-09-15 18:06 GMT

തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിനാണ് അംഗീകാരം. മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു സര്‍ക്കാരിന്റെ പിന്മാറ്റം. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. സര്‍വ്വകലാശാല ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന സൂചന ഗവര്‍ണ്ണര്‍ നല്‍കുമ്പോഴാണ് വഖഫിലെ അനുമതി.

വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടു കൊണ്ടുള്ള തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയിരുന്നത്. ബില്ലിനെതിരെ മുസ്‌ലിം മത സമുദായ സംഘടനകളും പ്രതിപക്ഷവും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടാല്‍ വഖഫ് ബോര്‍ഡിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നഷ്ടപ്പെടുമെന്നായിരുന്നു വാദം. ദേവസ്വം ബോര്‍ഡിന് സമാനമായ നിയമന രീതി വേണമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.

Tags:    

Similar News