അന്ധവിശ്വാസവും അനാചാരവും തടയല്‍ ബില്‍; പിന്‍മാറി സര്‍ക്കാര്‍

Update: 2025-06-24 11:58 GMT

കൊച്ചി: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള നിയമനിര്‍മാണത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. നയപരമായ തീരുമാനം എന്ന് വ്യക്തമാക്കിയാണ് നിയമനിര്‍മ്മാണത്തില്‍ നിന്നും പിന്മാറിയ കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സര്‍ക്കാര്‍ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി നിയമനിര്‍മ്മാണം എന്തുകൊണ്ട് സാധ്യമല്ല എന്നതിനെ സംബന്ധിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.

ഇലന്തൂര്‍ ഇരട്ട നരബലിക്ക് പിന്നാലെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമനിര്‍മാണം സംബന്ധിച്ച് വ്യക്തത വരുത്തിയത് . അതിനും മൂന്നുവര്‍ഷം മുന്നേ നിയമസഭയെ മുഖ്യമന്ത്രി ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2023 ജൂലൈ 5ന് നിയമനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ യൂടേണ്‍ അടിച്ചു. അന്ധവിശ്വാസവും, അനാചാരങ്ങളും തടയുന്നതിനുള്ള നിയമനിര്‍മ്മാണവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നായിരുന്നു തീരുമാനം. നിയമനിര്‍മ്മാണത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഇന്ന് പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിച്ചത്.

എന്നാല്‍ വിശദീകരണം തള്ളിയ ഹൈക്കോടതി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പര്യാപ്തമല്ലെന്ന് വ്യക്തമാക്കി. നിയമനിര്‍മ്മാണം എന്തുകൊണ്ട് സാധ്യമല്ല എന്നതിനെ സംബന്ധിച്ച് പുതിയ സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. നിയമവിരുദ്ധമായ അനാചാരങ്ങള്‍ നടക്കുമ്പോള്‍ ഇത്തരത്തിലുള്ള നിലപാടെടുത്താല്‍ സര്‍ക്കാര്‍ അത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിന് തുല്യമാകും എന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. നിയമനിര്‍മ്മാണം നയപരമായ തീരുമാനമെന്നും, കോടതിക്ക് ഇടപെടാനാകില്ലെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ജുഡീഷ്യറിക്ക് ഇടപെടാന്‍ സാധിക്കും എന്ന് കോടതി നിരീക്ഷിച്ചു. ഹരജി ജൂലൈ 15ന് കോടതി വീണ്ടും പരിഗണിക്കും.