'ഭരണകൂടം വിമത ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി ത്രിപുര പോലിസ് യുഎപിഎ ചുമത്തിയ അഭിഭാഷകര്‍

Update: 2021-11-04 12:40 GMT

ന്യൂഡല്‍ഹി: ത്രിപുരയില്‍ എത്തിയ വസ്താന്വേഷണ സംഘത്തിനെതിരേ യുഎപിഎ ചുമത്തിയ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകര്‍. ത്രിപുരയില്‍ നടന്ന സംഭവങ്ങള്‍ പുറംലോകത്തെ അറിയിച്ചതിലുള്ള പ്രതികാരമായാണ് പോലിസ് യുഎപിഎ ചുമത്തി കേസെടുത്തതെന്ന് സുപ്രീംകോടതി അഭിഭാഷകനും എന്‍സിഎച്ച്ആര്‍ഒ അംഗവുമായി അന്‍സാര്‍ ഇന്‍ഡോറി പറഞ്ഞു. അന്‍സാര്‍ ഇന്‍ഡോരിക്കും വിവിധ മനുഷ്യാവകാശ സംഘടനകളുടെ നേതാവും ഹൈക്കോടതി അഭിഭാഷകനുമായ മുകേഷിനുമെതിരേയാണ് വെസ്റ്റ് അഗര്‍ത്തല പോലിസ് യുഎപിഎ പ്രകാരം കേസെടുത്തിരിക്കുന്നത്.

ത്രിപുരയില്‍ നടന്ന ആക്രമണ സംഭവങ്ങള്‍ പുറം ലോകം അറിയുന്നതിനെ സര്‍ക്കാര്‍ ഭയപ്പെടുന്നു. പലതും മറച്ചു വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ത്രിപുരയില്‍ നടന്ന മുസ് ലിം വിരുദ്ധ ആക്രമണങ്ങളുടെ യാഥാര്‍ത്ഥ്യം വസ്തുതാന്വേഷണ സംഘം പുറത്ത് കൊണ്ട് വന്നു. ഇതിലുള്ള പ്രതികാരമാണ് വസ്താന്വേഷണ സംഘത്തിനെതിരേ നീങ്ങാന്‍ പോലിസിനെ പ്രേരിപ്പിച്ചതെന്നും അന്‍സാര്‍ ഇന്‍ഡോറി പറഞ്ഞു.

തങ്ങള്‍ക്കെതിരേ ത്രിപുര പോലിസ് കേസെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, യുഎപിഎ പോലുള്ള കടുത്ത നിയമങ്ങള്‍ ചാര്‍ത്തിയത് അപ്രതീക്ഷിതമാണ്. വിയോജിപ്പുകളേയും വിമത ശബ്ദങ്ങളേയും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അന്‍സാര്‍ ഇന്‍ഡോറി ചൂണ്ടിക്കാട്ടി. ഐപിസി 153 എ, ബി, 469, 503, 120 ബി എന്നീ വകുപ്പുകള്‍ ചാര്‍ത്തിയാണ് അഭിഭാഷകര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

പിയുസിഎല്‍ വസ്തുതാന്വേഷണ സംഘം ത്രിപുരയില്‍ മുസ് ലിം വിരുദ്ധ കലാപം അരങ്ങേറിയ പ്രദേശങ്ങളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 12 മുസ് ലിം പള്ളികള്‍ ആക്രമണത്തിന് ഇരയായതായും നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെട്ടതായും സംഘം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ത്രിപുരയില്‍ നടക്കുന്ന സംഭവങ്ങള്‍ മറച്ചുവയ്ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ത്രിപുരയിലെ സംഭവങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുത്തും അറസ്റ്റ് ചെയ്തുമാണ് പോലിസ് വാര്‍ത്തകള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത്. ഇതുവരെ 71 പേര്‍ക്കെതിരേ കേസെടുത്തതായി ത്രിപുര പോലിസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തി എന്നാരോപിച്ചാണ് 71 പേര്‍ക്കെതിരേ ത്രിപുര പോലിസ് കേസെടുത്തിരിക്കുന്നത്.

ത്രിപുരയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കിംവദന്തികള്‍ പ്രചരിപ്പിച്ചതിനാണ് കേസെടുത്തതെന്ന് ത്രിപുരയിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. സര്‍ക്കാരിന്റെയും സംസ്ഥാന പോലിസിന്റെയും പ്രതിച്ഛായ തകര്‍ക്കാന്‍ വ്യാജ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബറില്‍, ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ത്രിപുരയിലെ 51 സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിനിടേയാണ് സംസ്ഥാനത്തെ മുസ് ലിംകള്‍ക്കെതിരേ വ്യാപക ആക്രമണം അരങ്ങേറിയത്.

വടക്കന്‍ ത്രിപുരയിലെ പാനിസാഗറിലെ ഒരു മസ്ജിദിന് നേരെ കലാപകാരികള്‍ വെടിയുതിര്‍ത്തു. 12 മസ്ജിദുകള്‍ നശിപ്പിക്കപ്പെടുകയും ഖുറാന്‍ പകര്‍പ്പുകള്‍ കത്തിക്കുകയും ചെയ്തതായി വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ത്രിപുര ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അക്രമത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

Tags:    

Similar News