മെഡിക്കൽ ബോർഡ് റിപോർട്ട് സർക്കാർ ഗൗരവത്തിലെടുക്കുക; ഇബ്രാഹിമിന് ഉടനടി ജാമ്യം നൽകണമെന്ന് ജെഎംപി

അതിനെ തുടർന്ന് ഇപ്പോൾ പുറത്തു വന്ന മെഡിക്കൽ റിപോർട്ട് അനുസരിച്ച് നിലവിലെ സാഹചര്യത്തിൽ ഗുരുതരമായ ഹൃദ്രോഗ സംഭവങ്ങൾക്കുള്ള സാധ്യത കൂടുതലാണ് എന്നു പറയുന്നു.

Update: 2021-08-27 12:09 GMT

കോഴിക്കോട്: മെഡിക്കൽ ബോർഡ് റിപോർട്ട് സർക്കാർ ഗൗരവത്തിലെടുത്ത് ഇബ്രാഹിമിന് ഉടനടി ജാമ്യം നൽകണമെന്ന് ജനകീയ മുഷ്യാവകാശ പ്രസ്ഥാനം. ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുന്ന യുഎപിഎ തടവുകാരന്‍ ഇബ്രാഹിമിന് അടിയന്തര ചികില്‍സ ലഭ്യമാക്കണമെന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് റിപോർട്ട് വ്യാഴാഴ്ച്ചയാണ് പുറത്തുവന്നത്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട്, വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് നല്‍കിയ മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ടിലാണ് അടിയന്തിര ചികില്‍സ ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

വിയ്യൂര്‍ ജയിലില്‍ ആറുവർഷത്തിലധികമായി വിചാരണ തടവുകാരനായി ഇബ്രാഹിം കഴിഞ്ഞു വരികയാണ്. കടുത്ത പ്രമേഹ രോഗിയായ അദ്ദേഹത്തിന് ഹൃദ്രോഗവുമുണ്ട്. മാത്രമല്ല തടവിലാക്കപ്പെടുന്നതിനു മുമ്പ് തന്നെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി ഫ്രീ കോമ്രേഡ് ഇബ്രാഹിം എന്ന കൂട്ടായ്മ നടത്തിയ ഇടപെടലുകളുടെ ഫലമായി സർക്കാർ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും അവർ ഇബ്രാഹിമിന്റെ ആരോഗ്യാവസ്ഥ പരിശോധിക്കുകയും ചെയ്തിരുന്നു.

അതിനെ തുടർന്ന് ഇപ്പോൾ പുറത്തു വന്ന മെഡിക്കൽ റിപോർട്ട് അനുസരിച്ച് നിലവിലെ സാഹചര്യത്തിൽ ഗുരുതരമായ ഹൃദ്രോഗ സംഭവങ്ങൾക്കുള്ള സാധ്യത കൂടുതലാണ് എന്നു പറയുന്നു. ഇതു കൂടാതെ അദ്ദേഹത്തിന് ശ്വാസംമുട്ടും (dyspnea ഗ്രേഡ് 2) ഉള്ളതായും റിപോർട്ട് ചെയ്തിരുന്നു. നിലവിലെ അവസ്ഥയിൽ കിടത്തി ചികിൽസ ആവശ്യമില്ലെങ്കിലും ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ നിലവിലെ മാനസിക ശാരീരിക സമ്മർദ്ദങ്ങളുടെ സാഹചര്യത്തിൽ തുടരുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു എന്ന മെഡിക്കൽ ബോർഡിന്റെ നിഗമനം വളരെ ഗൗരവമുള്ളതാണെന്ന് ജെഎംപി പ്രസ്താവനയിൽ പറയുന്നു.