വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രചരണത്തിനെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണം : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2025-04-06 08:38 GMT

കൊച്ചി: സമൂഹത്തില്‍ വ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന തരത്തില്‍ വിദ്വേഷ പ്രചരണം നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ സര്‍ക്കാര്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. 'നരനും നരനും തമ്മില്‍ സാഹോദര്യമുദിക്കണം അതിനു വിഘ്‌നമായുള്ളതെല്ലാം ഇല്ലാതെയാക്കണം' എന്ന ശ്രീനാരായണ ഗുരുവിന്റെ തന്നെ വാക്ക് കടമെടുത്താല്‍ ആദ്യം ഇല്ലാതേകണ്ട വംശീയതയുടെ ആള്‍ രൂപമാണ് വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ജാതി വിരുദ്ധ പോരാട്ടത്തിന്റെയും പ്രാതിനിധ്യ സമരങ്ങളുടെയും മുന്നില്‍ നിന്ന ഈഴവ സമുദായത്തിലെ ഒരു വിഭാഗത്തെ സംഘ്പരിവാറിന്റെ വെറുപ്പിന്റെ ആലയില്‍ കെട്ടിയതിന്റെ ഒന്നാമത്തെ ക്രെഡിറ്റും വെള്ളാപ്പള്ളിക്ക് തന്നെയാണ്.


മലബാറില്‍ സവിശേഷമായി മലപ്പുറത്ത് ഈഴവ സമുദായത്തിനുള്ള വികസന ശോഷണം ആരോപിച്ച് മുസ് ലിം സമുദായത്തെ മുന്‍നിര്‍ത്തി ജില്ലക്ക് നേരെ നടത്തിയ വംശീയ അധിക്ഷേപം കുറച്ച് കാലങ്ങളായി വെള്ളാപ്പള്ളി നടത്തി കൊണ്ടിരിക്കുന്ന വംശീയ പ്രചാരണങ്ങളുടെ തുടര്‍ച്ചയാണ്. കേരളത്തിലെ ആസ്ഥാന വംശീയ പ്രചാരകനെന്ന പട്ടം നല്‍കേണ്ട ഈ വ്യക്തിയെ പിടിച്ച് നവോത്ഥാന സമിതിയുടെ അധ്യക്ഷനാക്കിയിരിക്കുകയാണ് ഇടത് സര്‍ക്കാര്‍. ശ്രീനാരായണ ഗുരുവിനെ മുന്‍നിര്‍ത്തിയാണ് ഈ സ്ഥാനം നല്‍കിയതെങ്കില്‍ ഗുരുവിന്റെ സാഹോദര്യ ദര്‍ശനത്തെ സംഘ്പരിവാറിന് അടിയറവ് വെക്കാത്ത എത്രയോ സന്യാസിമാര്‍ ശിവഗിരി മഠത്തിലുണ്ട്. 'കരുണാവാന്‍ നബി മുത്തു രത്‌നമോ' എന്ന് അനുകമ്പാദശകത്തില്‍ കുറിച്ച നാരായണ ഗുരുവിന് പകരം ഹിന്ദുത്വത്തിന്റെ അപര വിദ്വേഷത്തെ കേരള മണ്ണില്‍ നാട്ടിയ വെള്ളാപ്പള്ളിയെ കേരളത്തിലെ നവോത്ഥാന സമിതിയുടെ അധ്യക്ഷനാക്കി ഇരുത്തുന്നത് തികഞ്ഞ അപഹാസ്യമാണ്.


ചരിത്രപരമായി പിന്നാക്കം നിന്നിരുന്ന രണ്ട് സമുദായങ്ങളാണ് ഈഴവ സമുദായവും മുസ് ലിം സമുദായവും. അവരുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ശാക്തീകരണത്തിന് വ്യത്യസ്തങ്ങളായ കാരണങ്ങളുണ്ട്. ഇതിന് പരസ്പരം പഴിചാരാതെ ഇന്നും അധികാര പ്രാതിനിധ്യത്തിനടക്കം രണ്ടു സമുദായങ്ങളും ഒരുമിച്ച് നിന്ന് പോരാടേണ്ട രാഷ്ട്രീയ സാഹചര്യമാണുള്ളത്. അതിനിടയില്‍ വെറുപ്പിന്റെ വിഭജന രാഷ്ട്രീയം പേറി നടക്കുന്ന വെള്ളാപ്പള്ളി മാരെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക തന്നെ വേണം. ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.






Tags: