വര്‍ഗീയ വിഷം ചീറ്റുന്ന പി സി ജോര്‍ജിനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണം: റോയ് അറയ്ക്കല്‍

എസ്ഡിപിഐ അധികാരത്തില്‍ വന്നാല്‍ രാജ്യം ഇസ്‌ലാമിക രാഷ്ട്രമാവുമെന്ന പി സി ജോര്‍ജിന്റെ വാദം ഗുരുതരമായ ദുരാരോപണമായാണ് പാര്‍ട്ടി കാണുന്നത്. ഇതിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികള്‍ കൈകൊള്ളുക തന്നെ ചെയ്യും.

Update: 2021-04-16 11:05 GMT

കോഴിക്കോട്: വാമൊഴിയായും വരമൊഴിയായും വര്‍ഗീയത നിരന്തരം വിളമ്പിക്കൊണ്ടിരിക്കുന്ന പി സി ജോര്‍ജിനെതിരേ സംസ്ഥാന ആഭ്യന്തര വകുപ്പ് കണ്ണടയ്ക്കരുതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ഒരു എംഎല്‍എ സ്ഥാനത്തിന് വേണ്ടി പി സി പയറ്റിയ വര്‍ഗീയക്കളികളൊന്നും പൂഞ്ഞാറില്‍ വിലപ്പോയില്ലെന്ന് തിരിച്ചറിഞ്ഞ ജോര്‍ജ് 'ഏതായാലും നനഞ്ഞു, ഇനി മുങ്ങിക്കയറാം' എന്ന മട്ടിലാണ് ഇപ്പോള്‍ പെരുമാറുന്നത്.

അക്ഷരനഗരിയായി അറിയപ്പെടുന്ന കോട്ടയത്തിന്റെ മണ്ണില്‍ നിന്നുകൊണ്ടാണ് പി സി ജോര്‍ജ് സാക്ഷരകേരളത്തെ നാണിപ്പിക്കുന്ന വിധം തീവ്രവര്‍ഗീയ വിഷം ചീറ്റിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. എസ്ഡിപിഐ അധികാരത്തില്‍ വന്നാല്‍ രാജ്യം ഇസ്‌ലാമിക രാഷ്ട്രമാവുമെന്ന പി സി ജോര്‍ജിന്റെ വാദം ഗുരുതരമായ ദുരാരോപണമായാണ് പാര്‍ട്ടി കാണുന്നത്. ഇതിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികള്‍ കൈകൊള്ളുക തന്നെ ചെയ്യും.

വോട്ടെണ്ണുന്നതിന് മുമ്പുതന്നെ തോല്‍വി ഉറപ്പിച്ച പി സി ജോര്‍ജിന്റെ വായില്‍നിന്ന് വിഷമയമായ നിരവധി വിസര്‍ജ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ അതുണ്ടാക്കുന്ന വര്‍ഗീയ വിഭജനത്തെക്കുറിച്ച് ഭരണകര്‍ത്താക്കള്‍ നിസംഗത പുലര്‍ത്തരുത്. ഉചിതമായ നടപടി സ്വീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പി സി ജോര്‍ജിനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണം

വാമൊഴിയായും വരമൊഴിയായും വര്‍ഗീയത നിരന്തരം വിളമ്പിക്കൊണ്ടിരിക്കുന്ന പി സി ജോര്‍ജിനെതിരേ സംസ്ഥാന ആഭ്യന്തരവകുപ്പ് കണ്ണടയ്ക്കരുത്. ഒരു എംഎല്‍എ സ്ഥാനത്തിന് വേണ്ടി പി സി പയറ്റിയ വര്‍ഗീയക്കളികളൊന്നും പൂഞ്ഞാറില്‍ വിലപ്പോയില്ലെന്ന് തിരിച്ചറിഞ്ഞ ജോര്‍ജ് 'ഏതായാലും നനഞ്ഞു, ഇനി മുങ്ങിക്കയറാം' എന്ന മട്ടിലാണ് ഇപ്പോള്‍ പെരുമാറുന്നത്. അക്ഷരനഗരിയായി അറിയപ്പെടുന്ന കോട്ടയത്തിന്റെ മണ്ണില്‍ നിന്നുകൊണ്ടാണ് പി സി ജോര്‍ജ് സാക്ഷരകേരളത്തെ നാണിപ്പിക്കുന്ന വിധം തീവ്ര വര്‍ഗീയ വിഷം ചീറ്റിക്കൊണ്ടിരിക്കുന്നത്. എസ്ഡിപിഐ ഇലക്ഷന്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിയാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള സ്വാതന്ത്ര്യം, നീതി, സുരക്ഷ എന്നീ ആശയങ്ങളുടെ സാക്ഷാല്‍ക്കാരത്തിന് വേണ്ടിയാണ് എസ്ഡിപിഐ നിലകൊള്ളുന്നത്. വിശപ്പില്‍നിന്ന് മോചനം, ഭയത്തില്‍നിന്ന് മോചനം എന്ന പാര്‍ട്ടി മുദ്രാവാക്യം മത, ജാതി വ്യത്യാസമന്യേ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനുതന്നെ അനിവാര്യമാണ്. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ സങ്കല്‍പ്പത്തിന് ഒരു പോറലുമേല്‍പ്പിക്കാന്‍ പി സി ജോര്‍ജിന്റെ തരംതാണ ജല്‍പ്പനങ്ങള്‍ക്കാവില്ല. എസ്ഡിപിഐ ജനങ്ങളുടെ മുന്നില്‍ തുറന്നുവച്ച പുസ്തകമാണ്. അത് വായിക്കുമ്പോള്‍ ഇരകള്‍ക്ക് ആശ്വാസവും വേട്ടക്കാര്‍ക്ക് ആശങ്കയുമുണ്ടാവുന്നെങ്കില്‍ അത് പാര്‍ട്ടിയുടെ വിജയമാണ്. പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ സ്വത്വരാഷ്ട്രീയത്തിന് ജനപിന്തുണ ഏറിവരികയാണ്. ഇവിടുത്തെ സാമ്പ്രദായിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ മതേതരത്വത്തിന്റെ ലേബലണിഞ്ഞ് നടത്തിക്കൊണ്ടിരിക്കുന്ന ആര്‍എസ്എസ് പ്രീണനലീലകള്‍ ജനം കൂടുതല്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ സമാധാനജീവിതത്തിന് വേണ്ടി കേഴുകയാണ്.

അതിന്റെ അന്തിമ ഫലമെന്നോണം എസ്ഡിപിഐയ്ക്ക് കേരളത്തിലും കേന്ദ്രത്തിലും അധികാര പങ്കാളിത്തം ലഭിക്കുന്ന കാലം അനതിവിദൂരമല്ല. നേതൃത്വത്തിലും പ്രവര്‍ത്തകരിലും ഭൂരിപക്ഷം പേര്‍ മുസ്‌ലിംകളാണെങ്കില്‍ അവര്‍ ഭരണകക്ഷിയാവാന്‍ ആഗ്രഹിക്കുന്നത് പോലും രാജ്യത്ത് സമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനമായി കാണുന്ന പി സി ജോര്‍ജിന്റെ മനസ്സില്‍ അള്ളിപ്പിടിച്ച വര്‍ഗീയതയുടെ ആഴം അളന്നുതിട്ടപ്പെടുത്താനാവാത്തതാണ്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പി സി ജോര്‍ജിന് പിന്തുണ നല്‍കിയത് അദ്ദേഹം അന്ന് മുന്നോട്ടുവച്ച വേറിട്ട ജനപക്ഷ രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു. എന്നാല്‍, അത് പി സി ജോര്‍ജിന്റെ എല്ലാ കോമാളിത്തരങ്ങള്‍ക്കുമുള്ള ഹോള്‍സെയില്‍ പിന്തുണയായിരുന്നില്ല. ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാനെതിരേ ജോര്‍ജ് മുന്‍കൈയെടുത്തുകൊണ്ട് വന്ന അവിശ്വാസത്തെ എസ്ഡിപിഐ പിന്തുണയ്ക്കാതിരുന്നപ്പോള്‍തന്നെ അത് ജോര്‍ജിനും ഈരാറ്റുപേട്ടയിലെ മാന്യജനങ്ങള്‍ക്കും ബോധ്യമായതാണ്. ആരുടെയും വാലില്‍ തൂങ്ങാതെ തന്നെ സ്വന്തമായ അസ്തിത്വവും വ്യക്തിത്വവും രൂപപ്പെടുത്തിയെടുത്ത പ്രസ്ഥാനമാണ് എസ്ഡിപിഐ.

കേരളത്തിന്റെ അയല്‍പ്രദേശമായ മംഗലാപുരത്ത് മൂന്ന് പഞ്ചായത്തുകള്‍ തനിച്ച് ഭരിക്കാന്‍ നാനാജാതി മതസ്ഥര്‍ ഉള്‍പ്പെടുന്ന വോട്ടര്‍മാര്‍ എസ് ഡിപിഐയെ ഏല്‍പ്പിച്ചിട്ടുണ്ട്. അവിടെ ബിജെപിക്കാരന് പോലും ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതായി പരാതി ഉണ്ടാവില്ലെന്നുറപ്പാണ്.

എസ്ഡിപിഐക്കാരായ ജനപ്രതിനിധികള്‍ മതപരമായ വിവേചനം കാണിക്കുന്നതായി അവര്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളിലെ ഒരാള്‍ പോലും ഇന്നുവരെ വസ്തുതാപരമായി ആരോപിച്ചിട്ടില്ല. പി സി ജോര്‍ജിന്റെ മൂക്കിന് താഴെയും കഴിഞ്ഞ അഞ്ചുവര്‍ഷമായി എസ്ഡിപിഐയ്ക്ക് അഞ്ച് ജനപ്രതിനിധികളുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തന്നെയാണ് ജനങ്ങള്‍ വീണ്ടും എസ്ഡിപിഐക്ക് വോട്ടുചെയ്തത്. സംസ്ഥാനത്ത് പാര്‍ട്ടി ജനപ്രതിനിധികളുടെ എണ്ണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരട്ടിയിലധികമായിട്ടുമുണ്ട്.

എസ്ഡിപിഐ അധികാരത്തില്‍ വന്നാല്‍ രാജ്യം ഇസ്‌ലാമിക രാഷ്ട്രമാകുമെന്ന പി സി ജോര്‍ജിന്റെ വാദം ഗുരുതരമായ ദുരാരോപണമായാണ് പാര്‍ട്ടി കാണുന്നത്. ഇതിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികള്‍ കൈകൊള്ളുക തന്നെ ചെയ്യും. വോട്ടെണ്ണുന്നതിന് മുമ്പുതന്നെ തോല്‍വി ഉറപ്പിച്ച പി സി ജോര്‍ജിന്റെ വായില്‍നിന്ന് വിഷമയമായ നിരവധി വിസര്‍ജ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ അതുണ്ടാക്കുന്ന വര്‍ഗീയവിഭജനത്തെക്കുറിച്ച് ഭരണകര്‍ത്താക്കള്‍ നിസംഗത പുലര്‍ത്തരുത്. ഉചിതമായ നടപടി സ്വീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.



പി സി ജോര്‍ജ്ജിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം.

വാമൊഴിയായും വരമൊഴിയായും വർഗ്ഗീയത നിരന്തരം വിളമ്പി കൊണ്ടിരിക്കുന്ന പി...

Posted by Roy Arackal on Friday, 16 April 2021

Tags:    

Similar News