സര്‍ക്കാര്‍ പദവികള്‍; ആനുപാതിക പ്രാതിനിധ്യമാണ് സാമൂഹികനീതി: പോപുലര്‍ ഫ്രണ്ട്

Update: 2021-05-22 14:13 GMT

കോഴിക്കോട്: പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ അസന്തുലിതമായ സാമുദായിക പരിഗണനയാണുണ്ടായിട്ടുള്ളതെന്നും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ആശാസ്യകരമല്ലെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയില്‍ കെ ടി ജലീല്‍ കൈകാര്യം ചെയ്തിരുന്ന ഈ വകുപ്പ് ഇത്തവണ വി അബ്ദുറഹ്മാന് നല്‍കാന്‍ തീരുമാനമായിരുന്നു. എന്നാല്‍, വകുപ്പിനെ മുസ്‌ലിം കേന്ദ്രീകൃതമാക്കുന്നുവെന്ന സംഘപരിവാരത്തിന്റെ വ്യാജപ്രചാരണം ചില ക്രൈസ്തവ സംഘടകള്‍ ഏറ്റുപിടിച്ചതോടെ മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആര് ഏറ്റെടുക്കുന്നു എന്നതല്ല പ്രശ്‌നം. മറിച്ച് മുസ്‌ലിം പേരുള്ളയാള്‍ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്താല്‍ എന്തോ വലിയ അപകടമാണെന്ന സംഘപരിവാര വാദത്തെ സാധൂകരിക്കുകയാണ് ഈ നടപടിയിലൂടെ മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ഈ നീക്കം അപകടകരമാണ്. തീര്‍ത്തും തെറ്റായ ഈ വാദത്തെ തിരുത്താനോ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാനോ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വിവാദങ്ങള്‍ക്കിടെ ശ്രമം നടത്താതെ അതിനെ ശരിവയ്ക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടിരിക്കുന്നത്. പുതിയ സര്‍ക്കാരില്‍ ഒരു പ്രത്യേക സമുദായത്തിന് അര്‍ഹിക്കുന്നതിന്റെ രണ്ടിരട്ടി പ്രാതിനിധ്യമാണ് ലഭിച്ചിട്ടുള്ളത്.

അതേസമയം മുസ്‌ലിം സമുദായത്തിനാവട്ടെ അവകാശപ്പെട്ടത്തിന്റെ പകുതിയേ ലഭിച്ചിട്ടുള്ളൂ. ഇന്നത്തെ അവസ്ഥയില്‍ സാമൂഹികനീതി സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗം സാമുദായിക പ്രാതിനിധ്യം തന്നെയാണ്. അത് ജനാധിപത്യപരവുമാണ്. എന്നാല്‍, മന്ത്രിസഭയില്‍ ജനസംഖ്യയ്ക്ക് ആനുപാതികമായി സാമുദായിക പ്രാതിനിധ്യമുണ്ടായിട്ടില്ലെന്നത് വസ്തുതയാണ്. ഈ അസന്തുലിതത്വം ഇല്ലാതാക്കി സാമൂഹിക നീതി ഉറപ്പുവരുത്താനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാവേണ്ടത്.

ഏത് മുന്നണി വന്നാലും ചില സമുദായങ്ങള്‍ക്ക് അവരുടെ സമ്മര്‍ദഫലമായും അല്ലാതെയും അര്‍ഹമായതിലേറെ ലഭിക്കുന്നു. ഇത്തവണയും അതാണ് സംഭവിച്ചിട്ടുള്ളത്. ഇപ്പോള്‍ സാമുദായിക സന്തുലനത്തെക്കുറിച്ചോ സാമൂഹിക നീതിയെക്കുറിച്ചോ ആര്‍ക്കും വേവലാതിയില്ല. എന്നാല്‍, അര്‍ഹമായ പ്രാതിനിധ്യത്തിന് ശബ്ദമുയര്‍ത്തുന്ന ന്യൂനപക്ഷങ്ങളെ വര്‍ഗീയമുദ്ര ചാര്‍ത്തുന്ന ഹീനതന്ത്രമാണ് കാലങ്ങളായി നടക്കുന്നത്. ഇതിനായി കള്ളങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുന്നു. ആര്‍എസ്എസ്സും ക്രൈസ്തവ വിഭാഗത്തിലെ ചില വര്‍ഗീയവാദികളും നടത്തുന്ന വ്യാജപ്രചരണങ്ങളെ കണക്കുകളും വസ്തുതകളും നിരത്തി വ്യക്തത വരുത്താന്‍ സര്‍ക്കാരിനാണ് ബാധ്യതയുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News