പ്രകൃതിവാതകത്തിന്റെ വില 40 % വര്‍ധിപ്പിച്ച് സര്‍ക്കാര്‍; സിഎന്‍ജി വില കൂടും

പ്രകൃതിവാതക വില വര്‍ധിപ്പിക്കുന്നതോടെ സിഎന്‍ജിയുടെയും പൈപ്പ് വഴി വിതരണം ചെയ്യുന്ന പാചകവാതകത്തിന്റെയും വിലവര്‍ധന അനിവാര്യമായേക്കും.

Update: 2022-10-01 08:37 GMT

ന്യൂഡല്‍ഹി: പ്രകൃതിവാതകത്തിന്റെ വില നാല്‍പ്പതു ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രകൃതിവാതകത്തിന് വില കൂട്ടിയതോടെ വൈകാതെ സിഎന്‍ജി വിലയും വീണ്ടും വര്‍ധിപ്പിച്ചേക്കും. 2019 ഏപ്രിലിനു ശേഷം ഇത് മൂന്നാംതവണയാണ് പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.

പ്രകൃതിവാതക വില വര്‍ധിപ്പിക്കുന്നതോടെ സിഎന്‍ജിയുടെയും പൈപ്പ് വഴി വിതരണം ചെയ്യുന്ന പാചകവാതകത്തിന്റെയും വിലവര്‍ധന അനിവാര്യമായേക്കും. പ്രകൃതിവാതകം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ ചെലവും കൂടും.

എന്നാല്‍ ഇത്തരത്തിലുള്ള വൈദ്യുതോല്‍പാദനം താരതമ്യേന കുറവായതിനാല്‍ അത് സാധാരണക്കാരെ ബാധിച്ചേക്കില്ല. സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതിനാല്‍, പ്രകൃതിവാതകം ഉപയോഗിച്ചുള്ള വളം നിര്‍മാണത്തിന്റെ ചിലവും വര്‍ധിക്കില്ല.