നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല; നിയമങ്ങളുടെ പേര് മാറ്റാനൊരുങ്ങി കേന്ദ്രം

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള രണ്ടായിരത്തോളം വനിതകള്‍ ഇന്ന് മുതല്‍ സമരത്തിന്റെ ഭാഗമായി. ഡല്‍ഹി ആഗ്ര, ഡല്‍ഹി ജയ്പൂര്‍ ദേശീയ പാതകള്‍ കര്‍ഷകര്‍ ഇപ്പോഴും ഉപരോധിക്കുകയാണ്.

Update: 2020-12-15 07:17 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷക സമരം ഇരുപതാം ദിവസത്തിലെത്തിയതോടെ സമരം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി സംഘടനകള്‍. ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ കര്‍ഷക സംഘടനകള്‍ ഭാവി സമര പരിപാടികള്‍ തീരുമാനിക്കും.

ഇതിനിടെ പുതുതായി കൊണ്ട് വന്ന മൂന്ന് നിയമങ്ങളുടെയും പേര് മാറ്റാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

നിയമം പിന്‍വലിക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുന്നതിനിടെ നിയമങ്ങളുടെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ്. സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഭേദഗതികള്‍ കൂടി ഉള്‍പ്പടുത്തി നിയമത്തിന് പുതിയ മുഖം നല്‍കുകയാണ് ലക്ഷ്യം.

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള രണ്ടായിരത്തോളം വനിതകള്‍ ഇന്ന് മുതല്‍ സമരത്തിന്റെ ഭാഗമായി. ഡല്‍ഹി ആഗ്ര, ഡല്‍ഹി ജയ്പൂര്‍ ദേശീയ പാതകള്‍ കര്‍ഷകര്‍ ഇപ്പോഴും ഉപരോധിക്കുകയാണ്. എന്നാല്‍ ഇവരെ ഹരിയാന അതിര്‍ത്തിയില്‍ നിന്ന് കടത്തി വിടാന്‍ പോലീസ് തയ്യാറായില്ല.