ദരിദ്ര മുസ്‌ലിംകളുടെ വീടുകൾ മധ്യപ്രദേശ് സർക്കാർ തകർത്തു; അഭയം നൽകി ഹിന്ദു കുടുംബം
മീരാ ബായിയുടെ വീട്ടിലെ മുകളിലത്തെ നിലയിൽ നിന്നാണ് റാലിക്ക് നേരെ കല്ലെറിഞ്ഞതെന്ന് ആരോപിച്ചായിരുന്നു പോലിസ് എത്തിയത്. അവരുടേത് ഒരു ഹിന്ദു കുടുംബമാണെന്ന് അറിഞ്ഞപ്പോൾ അവർ റഫീഖിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിൽ 19 അംഗ മുസ്‌ലിം കുടുംബത്തിന്റെ രണ്ട് നിലകളുള്ള വീട് അധികൃതർ തകർത്തു. യുവ മോർച്ച റാലിക്ക് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ഹിന്ദുത്വർ വീടിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് വീട് പൊളിച്ചുമാറ്റിയത്.
അബ്ദുൾ റഫീഖ് എന്നയാളുടെ കുടുംബത്തിന് പിന്നീട് ഹിന്ദു കുടുംബം അഭയം നൽകി. കല്ലെറിയുന്നതിൽ റഫീഖിന് പങ്കില്ലെന്ന് ഹിന്ദു കുടുംബത്തിലെ മീരാ ബായി എന്ന സ്ത്രീ അവകാശപ്പെട്ടു.
മീരാ ബായിയുടെ വീട്ടിലെ മുകളിലത്തെ നിലയിൽ നിന്നാണ് റാലിക്ക് നേരെ കല്ലെറിഞ്ഞതെന്ന് ആരോപിച്ചായിരുന്നു പോലിസ് എത്തിയത്. അവരുടേത് ഒരു ഹിന്ദു കുടുംബമാണെന്ന് അറിഞ്ഞപ്പോൾ അവർ റഫീഖിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. രണ്ട് സ്ത്രീകളാണ് കല്ലെറിഞ്ഞതെന്നും തുടർന്ന് അവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പോലിസ് പറയുന്നു.
അനധികൃത കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനാണ് പൊളിച്ചുമാറ്റിയതെന്നും വീട്ടുടമകൾക്ക് മുൻകൂർ അറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സർക്കാർ നടപടി നിയമവിരുദ്ധമാണെന്നും മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഗുപ്ത പറഞ്ഞു. പോലിസും രാഷ്ട്രീയക്കാരും നിയമം കൈയിലെടുക്കുകയാണെങ്കിൽ കോടതികൾ എന്തിനുവേണ്ടിയാണെന്നും സാധാരണക്കാർ എന്തുചെയ്യണമെന്നും അദ്ദേഹം ചോദിച്ചു.