മുത്തങ്ങയില്‍ പോലിസ് മർദ്ദനത്തിനിരയായ അധ്യാപകന് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിക്കെതിരേ സര്‍ക്കാര്‍
ക്രൂര മര്‍ദ്ദനത്തിന് പുറമെ 30 ദിവസത്തെ ജയില്‍ വാസവും അനുഭവിക്കേണ്ടി വന്ന സുരേന്ദ്രന്‍റെ പേര് പക്ഷേ പോലിസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല.
കോഴിക്കോട്: മുത്തങ്ങയില്‍ പോലിസിന്റെ ക്രൂരമർദ്ദനത്തിനിരയായ അധ്യാപകന്‍ കെ കെ സുരേന്ദ്രന് നഷ്ടപരിഹാരം നല്‍കാനുളള ബത്തേരി സബ് കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. അതിക്രമം കാട്ടിയ പോലിസ് ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നായിരുന്നു കോടതി വിധി.
മുത്തങ്ങയിലെ പോലിസ് നരനായാട്ടിന് പിന്നാലെ പോലിസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി കേള്‍വിശക്തി തകരാറിലായ സാമൂഹിക പ്രവർത്തകനായിരുന്നു ബത്തേരി ഡയറ്റിലെ മുന്‍ അധ്യാപകന്‍ കെ കെ സുരേന്ദ്രന്‍. ക്രൂര മര്‍ദ്ദനത്തിന് പുറമെ 30 ദിവസത്തെ ജയില്‍ വാസവും അനുഭവിക്കേണ്ടി വന്ന സുരേന്ദ്രന്‍റെ പേര് പക്ഷേ പോലിസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല.
താന്‍ നേരിട്ട മാനഹാനിക്കും ശാരീരിക പീഡനങ്ങള്‍ക്കും ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സുരേന്ദ്രന്‍ ബത്തേരി സബ് കോടതിയെ സമീപിച്ചു. 17 വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ അനുകൂല വിധി വന്നു. സുരേന്ദ്രന് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഈ തുക കുറ്റക്കാരായ അന്നത്തെ ബത്തേരി സബ് ഇന്‍സ്പെക്ടറില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്‍ നിന്നും ഈടാക്കാം. പോലിസ് അതിക്രമങ്ങള്‍ക്കെതിരായ താക്കീതായി കൂടി ഈ വിധി ചര്‍ച്ച ചെയ്യപ്പെട്ടു. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
യുഡിഎഫ് ഭരണകാലത്ത് നടന്ന മുത്തങ്ങ പോലിസ് നടപടി അന്ന് സര്‍ക്കാരിനെതിരായ സിപിഎമ്മിന്‍റെ പ്രധാന പ്രാചരണ വിഷയമായിരുന്നു. മാത്രമല്ല ഈ കേസില്‍ ബത്തേരി സബ് കോടതി കുറ്റക്കാരായി കണ്ടെത്തിയ അന്നത്തെ ബത്തേരി എസ്ഐ പി വിശ്വംഭരനും സിഐ ദേവരാജനും കോടതി വിധിക്കെതിരേ അപ്പീല്‍ പോയിട്ടുമില്ല. എന്നിട്ടും ഈ കേസില്‍ അപ്പീല്‍ നല്‍കാനുളള സര്‍ക്കാര്‍ തീരുമാനം നിയമം കൈയിലെടുക്കുന്ന പോലിസുകാര്‍ക്കുളള സംരക്ഷണമായി മാറുന്നുവെന്നതാണ് യാഥാർത്ഥ്യം.
