കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; ഇന്ത്യ-പാക് സംഘര്‍ഷം ഇറക്കത്തിനു വിലങ്ങുതടിയായേക്കും
മുംബൈ: ചൈനയും യുഎസും തമ്മിലെ വ്യാപാരപ്പോരിന് ശമനമാകുന്നെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് ലാഭമെടുപ്പ് തകൃതിയായതോടെ ആടിയുലഞ്ഞ് രാജ്യാന്തര സ്വര്‍ണവില. ഒരുവേള ഔണ്‍സിന് 3,432 ഡോളര്‍ വരെ കുതിച്ചുകയറിയ വില, ഇപ്പോഴുള്ളത് 3,384 ഡോളറില്‍. എന്നാല്‍, രാവിലെ ആഭ്യന്തര വിലനിര്‍ണയത്തിനു മുമ്പ് രാജ്യാന്തര വില 3,400 ഡോളറിനു മുകളിലായിരുന്നതിനാലും ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പി 31 പൈസ ഇടിഞ്ഞ് 84.66ലേക്ക് വീണതിനാലും ആഭ്യന്തര സ്വര്‍ണവില ഇന്നും കത്തിക്കയറി.
ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 250 രൂപയും പവന് 2,000 രൂപയും കൂടിയിയിരുന്നു. 18 കാരറ്റ് സ്വര്‍ണവിലയും ഇന്നു ഗ്രാമിന് ചില കടകളില്‍ 35 രൂപ വര്‍ധിച്ച് 7,495 രൂപയായി. മറ്റു ചില കടകളില്‍ വ്യാപാരം ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 7,455 രൂപ. വെള്ളിക്ക് മാറ്റമില്ലാതെ ഗ്രാമിന് 108 രൂപ.
പകരച്ചുങ്കം ഏര്‍പ്പെടുത്തിയ വിഷയത്തില്‍ ചൈനയും യുഎസും തമ്മില്‍ ചര്‍ച്ചകള്‍ സജീവമായതും യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സമീപഭാവിയില്‍ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കില്ലെന്ന സൂചനകളുമാണ് രാജ്യാന്തര സ്വര്‍ണവിലയെ ചാഞ്ചാട്ടത്തിലേക്ക് നയിച്ചത്. കഴിഞ്ഞദിവസങ്ങളിലെ വിലക്കയറ്റം മുതലെടുത്തുള്ള ലാഭമെടുപ്പ് സമ്മര്‍ദവും വില കുറയാന്‍ സഹായിച്ചു. രാജ്യാന്തര വില ഈ ട്രെന്‍ഡാണ് തുടരുന്നതെങ്കില്‍ വരുംദിവസങ്ങളില്‍ കേരളത്തിലെ വിലയും താഴ്‌ന്നേക്കാം. എന്നാല്‍, ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം, രൂപയുടെ തളര്‍ച്ച എന്നിവ സ്വര്‍ണവിലയുടെ ഇറക്കത്തിനു വിലങ്ങുതടിയായേക്കും.
